പേരാവൂർ: കഞ്ചാവ് വിൽപ്പന സംഘത്തിലെ കണ്ണികളായ രണ്ട് യുവാക്കൾ പിടിയിൽ. പേരാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എകെ വിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തിയ 80 ഗ്രാം കഞ്ചാവുമായി കൊട്ടിയൂർ തലക്കാണി സ്വദേശി പടലോടിയിൽ വീട്ടിൽ നിഖിലിനെ (22) അടയ്ക്കാത്തോട് ടൗണിൽ വച്ച് പിടികൂടിയത്.തുടർന്ന് പ്രിവന്റിവ് ഓഫീസർ പിസി ഷാജിയുടെ നേതൃത്വത്തിൽ നടന്ന മറ്റൊരു പരിശോധനയിൽ കരിയംകാപ്പ് വച്ച് വാടകക്കെട്ടിടത്തിൽ താമസക്കാരനായ തിരുവനന്തപുരം കാരവാരം സ്വദേശി കരിക്കാട്ടിൽ വീട്ടിൽ സുജിത്ത് (28) എന്നയാളെ 20 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തു. പ്രതികൾ കഞ്ചാവ് ചെറു പൊതികളിലാക്കി അടക്കാത്തോട്, കേളകം, നീണ്ടുനോക്കി തുടങ്ങിയ സ്ഥലങ്ങളിൽ യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും മറ്റും വിതരണം നടത്തിവരുന്ന വിൽപ്പന സംഘത്തിലെ പ്രധാന കണ്ണികൾ ആണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. കർണാടകയിലെ ബൈരക്കുപ്പയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിക്കുന്നത്. പ്രിവന്റിവ് ഓഫീസർമാരായ എംപി സജീവൻ, പിസി ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ സിഎം ജെയിംസ്, സി പി ഷാജി, കെ ശ്രീജിത്ത്, എൻ സി വിഷ്ണു, ഡ്രൈവർ കെ ടി ജോർജ് എന്നിവർ സ്ക്വാഡിലുണ്ടായിരുന്നു.