കാസര്‍കോട് ജില്ലയില്‍ 793 പേര്‍ക്ക് കൂടി കൊവിഡ്; രണ്ടു വാര്‍ഡുകള്‍ കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍
കാസര്‍കോട്: ജില്ലയില്‍ 793 പേര്‍ കൂടി കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 651 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. നിലവില്‍ 6434 പേരാണ് ചികില്‍സയിലുള്ളത്. ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 320 ആയി ഉയര്‍ന്നു. വീടുകളില്‍ 28263 പേരും സ്ഥാപനങ്ങളില്‍ 1247 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 29510 പേരാണ്. പുതിയതായി 1664 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 3879 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു(ആര്‍ടിപിസിആര്‍ 2196, ആന്റിജന്‍ 1670, ട്രൂനാറ്റ് 13). 2150 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1194 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കൊവിഡ് കെയര്‍ സെന്ററുകളിലുമായി 697 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നു കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 651പേരെ ഡിസ്ചാര്‍ജ് ചെയ്തു. 101246 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 93997 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 14.6 ശതമാനമാണ്.
അതിനിടെ, ജില്ലയില്‍ രണ്ട് വാര്‍ഡുകള്‍ കൂടി മൈക്രോ കണ്ടെയ്ന്‍മെന്റെ സോണില്‍ ഉള്‍പ്പെടുത്തി. മുപ്പതോ അതിലധികമോ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതിനാല്‍ മുളിയാര്‍ ഗ്രാമപ്പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പൂര്‍ണമായും പനത്തടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കോയത്തടുക്ക എസ്.ടി കോളനിക്ക് രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ വരുന്ന ഭാഗങ്ങളുമാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടത്. നേരത്തേ പ്രഖ്യാപിച്ച കള്ളാര്‍ ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡ്, ചെറുവത്തൂര്‍ അഞ്ചാം വാര്‍ഡ്, കിനാനൂര്‍ കരിന്തളം ഏഴാം വാര്‍ഡ്, കോടോംബേളൂര്‍ മൂന്ന്, 13 വാര്‍ഡുകള്‍, പള്ളിക്കര 12ാം വാര്‍ഡ്, കുമ്പള 16ാം വാര്‍ഡ്, പനത്തടി അഞ്ചാം വാര്‍ഡ് എന്നിവ മൈക്രോ കണ്ടെയ്ന്‍മെന്റെ സോണായി തുടരും.
ഈ പ്രദേശങ്ങളില്‍ ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ നിര്‍ദേശിച്ച തരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കേസുകളുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് അവലോകനം നടത്തി ഇവയെ പട്ടികയില്‍നിന്ന് ഒഴിവാക്കും. ഈ പ്രദേശങ്ങളില്‍ വീടുവീടാന്തരം പരിശോധന നടത്തി രോഗസാധ്യത സംശയിക്കുന്ന വ്യക്തികളെ നിര്‍ബന്ധമായി പരിശോധനയ്ക്ക് വിധേയമാക്കാന്‍ വാര്‍ഡ് തല ജാഗ്രതാ സമിതിയും മെഡിക്കല്‍ ടീമും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിലവില്‍ പോസിറ്റീവ് ആയ വ്യക്തികള്‍ ക്വാറന്‍ൈറന്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതും ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും അറിയിച്ചു.