കാസര്‍കോഡ്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ കല്ലങ്കൈ വാര്‍ഡില്‍ എസ് ഡിപി ഐ നേടിയ വിജയം തുടര്‍ച്ചയായുള്ള സേവനരാഷ്ട്രീയത്തിനുള്ള അംഗീകാരം. പാര്‍ട്ടി രൂപീകരിച്ച് മൂന്നാമത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നേരിട്ടപ്പോള്‍ ഓരോ തവണയും വോട്ടുവിഹിതം വര്‍ധിപ്പിച്ച് ഇത്തവണ വിജയത്തേരിലേറുകയായിരുന്നു. 2010ല്‍ 303 വോട്ടുകള്‍ നേടി ഉസ്മാന്‍ കല്ലങ്കൈ വിജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് 291 വോട്ടുകളോടെ ബിജെപിയായിരുന്നു ഉണ്ടായിരുന്നത്. സ്വതന്ത്രര്‍ ഉള്‍പ്പെടെ ഏഴു പേര്‍ മല്‍സരിച്ചപ്പോള്‍ എസ്ഡിപി ഐയുടെ നാസര്‍ കല്ലങ്കൈയ്ക്കു ലഭിച്ചത് 176 വോട്ടുകളാണ് ലഭിച്ചത്. ഇത് 2015 ആവുമ്പോഴേക്കും വര്‍ധിച്ചു. 2015ല്‍ യുഡിഎഫിന്റെ ശക്തയായ സ്ഥാനാര്‍ഥി അഡ്വ. ഷമീറ ഫൈസല്‍ 555 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ ശക്തമായ സാന്നിധ്യമായി എസ് ഡിപി ഐയുടെ ബീഫാത്തിമ കല്ലങ്കൈ മാറിയിരുന്നു. വോട്ടുനിലയില്‍ ബിജെപിയെ മൂന്നാം സ്ഥാനത്തേക്കു തള്ളി ബീഫാത്തിമ 310 വോട്ടുകള്‍ കരസ്ഥമാക്കി. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ആരുമില്ലാതിരുന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനാവട്ടെ 49 വോട്ടുകളാണ് ലഭിച്ചത്.
തിരഞ്ഞെടുപ്പ് തോല്‍വികളൊന്നും തങ്ങളുടെ സേവനപാതയില്‍ നിന്ന് എസ്ഡിപി ഐ പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചില്ല. നാട്ടിലെ എല്ലാ മേഖലയിലേക്കും സേവനപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചതിന്റെ ഫലമാണ് ഇക്കുറി വിജയത്തിലൂടെ കൈവരിച്ചത്. സംവരണ വാര്‍ഡായ കല്ലങ്കൈയില്‍ എസ്ഡിപി ഐ സ്ഥാനാര്‍ഥി ദീക്ഷിത് കല്ലങ്കൈയ്ക്കു ലഭിച്ചത് 778 വോട്ടുകളാണ്. രണ്ടാം സ്ഥാനത്തുള്ള മുസ് ലിം ലീഗിലെ മീനാക്ഷിക്ക് ലഭിച്ചതാവട്ടെ 473 വോട്ടുകളാണ്. മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ബിജെപിയുടെ ബി എം അശോകന് 207ഉം സിപിഎം സ്ഥാനാര്‍ഥി അരുണ്‍കുമാറിനു 40 വോട്ടുകളുമാണ് ലഭിച്ചത്. മൂന്നു തദ്ദേശ തിരഞ്ഞെടുപ്പ് കൊണ്ട് 176ല്‍ നിന്ന് 778 പേരുടെ പിന്തുണയിലേക്കാണ് പാര്‍ട്ടി വളര്‍ന്നത് എന്നതും ശ്രദ്ധേയമാണ്.
SDPI win in Kallangai is the result of service