ചിതറയില്‍ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം: പോലിസ് ലാത്തിവീശി
കടയ്ക്കല്‍: ചിതറ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് ചിതറയില്‍ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനറാലി ചിതറയില്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
പ്രചാരണത്തിന് സമയം കഴിഞ്ഞു എന്നും അതിനാല്‍ തന്നെ വാഹനറാലി അനുവദിക്കാനാവില്ലെന്നും പറഞ്ഞായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണം നിര്‍ത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിതറ ജംഗ്ഷനില്‍ പ്രകടനം നടത്തി. കടയ്ക്കല്‍ സിഐയുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. ഇതിനിടയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. വീണ്ടും സംഘര്‍ഷാവസ്ഥ യിലേക്ക് നീങ്ങവേ പോലിസ് ലാത്തിവീശി. പ്രവര്‍ത്തകര്‍ക്ക് പലര്‍ക്കും പരിക്കേറ്റു.