കാര്‍ നിയന്ത്രണം വിട്ട് അപകടം; ദുബായില്‍ നിന്നെത്തി വീട്ടിലേക്ക് പോവുന്നതിനിടെ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കൊല്ലം: എംസി റോഡില്‍ കൊട്ടാരക്കര കമ്പംകോട് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിനി വടക്കേക്കരയില്‍ ഡോ ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. ദുബായില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം രാവിലെ വീട്ടിലേക്ക് വരുമ്പോള്‍ ആയിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അപകടത്തില്‍ ഡോക്ടര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും കാര്‍ ഡ്രൈവര്‍ ബിജു ജോര്‍ജിന് നേരിയ പരിക്കും പറ്റി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.