പാചകവാതകം ചോര്‍ന്ന് തീപിടിച്ച് നാലുപേര്‍ക്ക് പൊള്ളലേറ്റു
അടുപ്പ് നന്നായി കത്താത്തതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തിയ ശേഷം കത്തിച്ചു നോക്കിയപ്പോഴാണ് വാതകം ചോര്‍ന്ന് തീ പടര്‍ന്നത്
കൊല്ലം: ചാത്തന്നൂര്‍ പാരിപ്പള്ളി പുലിക്കുഴിയില്‍ പാചകവാതകം ചോര്‍ന്ന് തീപിടിച്ച് വീട്ടമ്മയും ഗൃഹനാഥനുമുള്‍പ്പെടെ നാലുപേര്‍ക്ക് പൊള്ളലേറ്റു. പുലിക്കുഴി തേക്കിന്‍കാട് കാഷ്യു ഫാക്ടറിക്ക് സമീപം പൂവത്തൂര്‍ വീട്ടില്‍ രാജേഷ്(42), ഭാര്യ നിര്‍മല(33), നിര്‍മലയുടെ മാതാവ് രാധ(60), സഹോദരന്‍ രാധാകൃഷ്ണന്‍(37) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. തിങ്കളാഴ്ച രാത്രി 11ഓടെയാണ് സംഭവം. അടുപ്പ് നന്നായി കത്താത്തതിനെ തുടര്‍ന്ന് രാധാകൃഷ്ണന്‍ അറ്റകുറ്റപ്പണി നടത്തിയ ശേഷം കത്തിച്ചു നോക്കിയപ്പോഴാണ് വാതകം ചോര്‍ന്ന് തീ പടര്‍ന്നത്. രാജേഷിന് കാലുകള്‍ക്കും ബാക്കിയുള്ളവര്‍ക്ക് കൈകാലുകള്‍ക്കുമാണ് പൊള്ളലേറ്റത്. പരിക്കേറ്റ രാധാകൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും മറ്റുള്ളവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലും ചികില്‍സയിലാണ്. കൊല്ലത്ത് നിന്ന് പോലിസ് സയന്റിഫിക് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ പരിശോധന നടത്തി. പാരിപ്പള്ളി പോലിസ് കേസെടുത്തു.