ബുക്കിന്റെ പേപ്പര്‍ കീറിയതിന് നാലു വയസുകാരിക്ക് മര്‍ദനം;അങ്കണവാടി ജീവനക്കാരിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Update: 2022-04-30 06:06 GMT

കൊല്ലം: കൊല്ലം ചിതറയില്‍ നാല് വയസുകാരിയെ മര്‍ദിച്ചെന്ന പരാതിയില്‍ അങ്കണവാടി ജീവനക്കാരിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.കൊത്തല അങ്കണവാടിയിലെ ജീവനക്കാരി സുജാതക്കെതിരേയാണ് കേസെടുത്തത്.മാതാപിതാക്കളുടെ പരാതിയില്‍ ചിതറ പോലിസാണ് കേസെടുത്തത്.

ചിതറ കണ്ണങ്കോട് അഷ്ടമംഗല്യ ഹൗസില്‍ ശരണ്യ ഉദയകുമാര്‍ ദമ്പതികളുടെ 4 വയസുള്ള മകള്‍ ഉദിര്‍ഷ്ണക്കാണ് മര്‍ദനമേറ്റത്.അങ്കണവാടിയിലെ ബുക്കിന്റെ പേപ്പര്‍ കീറിയതിനായിരുന്നു മര്‍ദനം. സ്റ്റീല്‍ സ്‌കെയില്‍ കൊണ്ട് ഇടതുകാലിനു താഴെ അടിച്ചു. തൊട്ടടുത്ത ദിവസം കൂട്ടിയുടെ കാലില്‍ നീരുവെച്ചത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ബുക്കിലെ പേപ്പര്‍ കീറിയതിന് സുജാത മര്‍ദിച്ച കാര്യം കുട്ടി വെളിപ്പെടുത്തുകയായിരുന്നു.കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കാലില്‍ അടിയേറ്റതിനെ തുടര്‍ന്ന് നീരു വന്നതായി കണ്ടെത്തി.

മാതാപിതാക്കള്‍ പരാതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് സുജാതയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്. അങ്കണവാടി ജീവനക്കാരിക്കെതിരേ നടപടി ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.

Tags:    

Similar News