വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചുകൊന്ന കേസ്; എസ്‌ഐയെ അന്വേഷണത്തില്‍ നിന്നുംമാറ്റി
സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ പങ്ക് നിഷേധിച്ച് പ്രാദേശിക സിപിഎം നേതൃത്വം രംഗത്തുവന്നു. അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയ്ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നും പ്രതിചേര്‍ക്കപ്പെട്ട വിനീതും കുടുംബവും കടുത്ത കോണ്‍ഗ്രസ് അനുഭാവികളാണെന്നും തേവലക്കര നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി മധു പറഞ്ഞു.
കൊല്ലം: വിദ്യാര്‍ഥിയെ ആളുമാറി വീട്ടില്‍ കയറി മര്‍ദ്ദിച്ചുകൊന്ന കേസിലെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയ എസ്‌ഐയെ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി. ചവറ തെക്കുംഭാഗം പോലിസ് സ്റ്റേഷന്‍ എസ്‌ഐയെ മാറ്റി ചവറ സിഐക്ക് അന്വേഷണ ചുമതല കൈമാറി. ആളുമാറിയുള്ള ആക്രമണത്തില്‍ തലയ്ക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് പത്ത് ദിവസത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞ ശേഷമാണ് മരിച്ചത്. തലയിലെ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. എസ്‌ഐ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി കൊല്ലപ്പെട്ട രഞ്ജിത്തിന്റെ അച്ഛന്‍ വെളിപ്പെടുത്തിയിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സ്റ്റേഷനിലേക്ക് വരണമെന്ന എസ്‌ഐയുടെ ആവശ്യം രഞ്ജിത്തിന്റെ കുടുംബം നിരസിച്ചതോടെ കൗണ്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പറയുന്നു.
കേസിലെ മുഖ്യപ്രതിയായ കൊല്ലം ജയില്‍ വാര്‍ഡന്‍ വിനീതിനെ കഴിഞ്ഞദിവസമാണ് പോലിസ് അറസ്റ്റ് ചെയ്തത്. അക്രമിസംഘത്തിലുണ്ടായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോലിസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടുമില്ല. അതേസമയം, സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ പങ്ക് നിഷേധിച്ച് പ്രാദേശിക സിപിഎം നേതൃത്വം രംഗത്തുവന്നു. അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയ്ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നും നിലവില്‍ പ്രതിചേര്‍ക്കപ്പെട്ട വിനീതും കുടുംബവും കടുത്ത കോണ്‍ഗ്രസ് അനുഭാവികളാണെന്നും തേവലക്കര നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി മധു പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ള ചവറ ഏരിയ കമ്മിറ്റി ഓഫീസില്‍ ഉണ്ടായിരുന്നൂവെന്നും അദ്ദേഹം പറഞ്ഞു. ചവറ തെക്കുംഭാഗത്തെ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയടക്കമുള്ള ആറംഗസംഘമാണ് വീട്ടിലെത്തി രഞ്ജിത്തിനെ മര്‍ദ്ദിച്ചതെന്നായിരുന്നു ബന്ധുക്കളുടേയും ദൃക്‌സാക്ഷികളുടേയും മൊഴി.