കൊല്ലത്ത് വാഹനാപകടത്തില്‍ യുവാവും യുവതിയും മരിച്ചു
മുജീബ് കൊല്ലം തുറമുഖ ഓഫിസിലെ ജീവനക്കാരനായിരുന്നു. തഹ്‌സിന ചേര്‍ത്തല സെന്റ് ജോസഫ്‌സ് കോളജിലെ ഫാര്‍മസി പിജി വിദ്യാര്‍ഥിനിയായിരുന്നു.
അമ്പലപ്പുഴ: കൊല്ലം പാരിപ്പള്ളിയില്‍ കാറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 10ാവാര്‍ഡിലെ പള്ളിവെളി കൊച്ചുപറമ്പില്‍ പരേതനായ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുജീബ്(43), മുജീബിന്റെ ഭാര്യാ സഹോദരി താജുന്നിസ്സയുടെ മകള്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വളഞ്ഞവഴി ദാറുര്‍റഹ്മ വടക്കേ തൊമ്മം വേലിയ്ക്കകത്ത് താഹയുടെ മകള്‍ ടി തഹ്‌സിന(22) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.20ന് കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കല്‍ കണ്‍വന്‍ഷന്‍ സെന്ററിനു മുന്നിലാണ് അപകടം. ഭാര്യാസഹോദരന്‍ തൃക്കുന്നപ്പുഴ കണ്ടന്‍ കേരി തൈവെപ്പില്‍ സെയ്ദിനെ ഗള്‍ഫിലേയ്ക്ക് യാത്രയയയ്ക്കാനായി തിരുവനന്തപുരത്തേയ്ക്ക് കാറില്‍ പോവുകയായിരുന്നു കുടുംബം. എതിരേവന്ന കോഴിക്കോട്ടേയ്ക്കു പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സാണ് ഇടിച്ചത്. മുജീബാണ് കാറോടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
കാറിലുണ്ടായിരുന്ന മുജീബിന്റെ ഭാര്യ ബുഷ്‌റ, മകന്‍ മുഹമ്മദ് അദ്‌നാന്‍, ബന്ധുക്കളായ നജ, സുഹ്‌റ എന്നിവരെ പരിക്കുകളോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലും സെയ്ദിനെ കൊല്ലം ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുജീബിന്റെ മുതദേഹം കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പുന്നപ്ര വണ്ടാനം ഷറഫുല്‍ ഇസ് ലാം സംഘം പള്ളിയില്‍ പൊതുദര്‍ശനത്തിനുവച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകീട്ട് 6ഓടെ ഖബറടക്കി. മുജീബ് കൊല്ലം തുറമുഖ ഓഫിസിലെ ജീവനക്കാരനായിരുന്നു. ഭാര്യ ബുഷ്‌റ കരുമാടി കെ കെ കുമാരപിള്ള സ്മാരക ഗവ. ഹൈസ്‌കൂളിലെ അധ്യാപികയാണ്. ഏക മകന്‍ മുഹമ്മദ് അ ദിനാന്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: ഹവ്വാ ഉമ്മ. സഹോദരങ്ങള്‍: സാബിദ, റസിയ.
തഹ്‌സിനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണുള്ളത്. ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ കാക്കാഴംപള്ളിയില്‍ ഖബറടക്കും. ചേര്‍ത്തല സെന്റ് ജോസഫ്‌സ് കോളജിലെ ഫാര്‍മസി പിജി വിദ്യാര്‍ഥിനിയായിരുന്നു. മാതാവ്: താജുനിസ്സ, സഹോദരി: തസ്മില.