ഓച്ചിറയില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍
ഓച്ചിറ സ്വദേശികളായ അനന്തു, വിപിന്‍, പ്യാരി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവര്‍ക്ക് ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് പോലിസ് പറഞ്ഞു. കേസിലെ മുഖ്യപ്രതി റോഷനെ ഇതുവരെ പിടികൂടിയിട്ടില്ല.
കൊല്ലം: ഓച്ചിറയില്‍ നിന്നും രാജസ്ഥാനി സ്വദേശിനിയായ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഓച്ചിറ സ്വദേശികളായ അനന്തു, വിപിന്‍, പ്യാരി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവര്‍ക്ക് ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് പോലിസ് പറഞ്ഞു. കേസിലെ മുഖ്യപ്രതി റോഷനെ ഇതുവരെ പിടികൂടിയിട്ടില്ല. തിങ്കളാഴ്ച രാത്രിയാണ് വഴിയോര കച്ചവടക്കാരായ രാജസ്ഥാനി കുടുംബത്തെ അക്രമിച്ച് മകളെ കടത്തിക്കൊണ്ടുപോയത്. പ്രണയത്തിലായിരുന്ന റോഷനും പെണ്‍കുട്ടിയും ബംഗളൂരുവില്‍ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓച്ചിറ പോലിസ് ബംഗളൂരുവില്‍ എത്തിയെങ്കിലും ഇരുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇരുവരേയും കണ്ടെത്താന്‍ ബംഗളുരൂ പോലിസിന്റെ സഹായവും കേരളാ പോലിസ് തേടിയിട്ടുണ്ട്.
അതേസമയം, കേസിലെ പ്രതിയായ റോഷനെ പോലിസ് സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഓച്ചിറ സ്‌റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. പ്രതിയായ റോഷന്‍ സിപിഐ നേതാവിന്റെ മകനാണെന്നും സംരക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. നാലുമാസം മുമ്പും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം നടന്നതായും അവര്‍ ചൂണ്ടിക്കാട്ടി. സുരേഷ് ഗോപി എംപി പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചു. അതേസമയം, മകന്‍ കുറ്റക്കാരനാണെങ്കില്‍ സംരക്ഷിക്കില്ലെന്ന് റോഷന്റെ പിതാവും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ പിടികൂടാന്‍ സഹായിച്ചത് തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.