കൊല്ലം: കൗമാരത്തിന്റെ കലാമാമാങ്കം ഇന്ന് രണ്ടാം ദിവസത്തിലേയ്ക്ക്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനത്തില്‍ കോഴിക്കോടിന്റെ മുന്നേറ്റം. 212 പോയിന്റുമായി കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ കോഴിക്കോടാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 210 പോയിന്റുമായി തൃശൂരും കണ്ണൂരും തൊട്ടുപിന്നിലുണ്ട്. 199 പോയിന്റുമായി ആതിഥേയരായ കൊല്ലം ജില്ല ആറാം സ്ഥാനത്താണ്.
ഏറെ വൈകിയാണ് ഇന്നലെ മത്സരങ്ങള്‍ അവസാനിച്ചത്. പല മത്സരങ്ങളും തുടങ്ങാന്‍ വൈകി. വേദി നാലില്‍ ഇന്നലെ നാലു മണിക്ക് തുടങ്ങേണ്ടിയിരുന്ന കോല്‍ക്കളി മത്സരം തുടങ്ങിയത് രാത്രി 8 മണിക്കാണ്. മത്സരം പുലര്‍ച്ചെ രണ്ട് മണിവരെ നീണ്ടു. രാത്രിയോടെ ജില്ലയില്‍ മഴയും പെയ്തു. രാവിലെയും കൊല്ലത്ത് മഴ പെയ്തിരുന്നു.
പോയിന്റുകള്‍ മാത്രമല്ല മത്സരത്തിന്റെ വീറും വാശിയും ഓരോ മണിക്കൂറിലും ഉയരുകയാണ്. മത്സരര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ നിരവധിപ്പേരാണ് എത്തുന്നത്. മഴയെ അവഗണിച്ച് ഇന്നലെ രാത്രി വൈകിയും കലോത്സവ പന്തലില്‍ ജനത്തിരക്ക് അനുഭവപ്പെട്ടു.
ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം, ഹയര്‍സെക്കന്‍ഡറി നാടകം, ഭരതനാട്യം, നാടോടി നൃത്തം, പൂരക്കളി, തിരുവാതിര, ഓട്ടന്‍തുള്ളല്‍, കഥകളി, ചെണ്ടമേളം, ബാന്‍ഡ്‌മേളം തുടങ്ങിയ മത്സരങ്ങള്‍ ഇന്ന് വേദികളില്‍ അരങ്ങേറും.