ഡോക്ടറുടെ അനാസ്ഥ മൂലം ഇരട്ടകുട്ടികള്‍ മരിച്ച സംഭവം: എസ്ഡിപിഐ നേതാക്കള്‍ വീട് സന്ദര്‍ശിച്ചു
രക്തസ്രാവത്തെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. കൃത്യസമയത്ത് ചികിത്സ നല്‍കാത്തതിനാല്‍ ഇരട്ടക്കുട്ടികള്‍ മരിച്ചതായാണ് പരാതി
കൊല്ലം: കടയ്ക്കല്‍ ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥ മൂലം യുവതിയുടെ ഇരട്ട കുട്ടികള്‍ മരിച്ച സംഭവത്തില്‍ മാതാവിനെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ രണ്ടാം തീയതിയായിരുന്നു സംഭവം നടന്നത്. രക്തസ്രാവത്തെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. കൃത്യസമയത്ത് ചികിത്സ നല്‍കാത്തതിനാല്‍ ഇരട്ടക്കുട്ടികള്‍ മരിച്ചതായാണ് പരാതി. ഒരാഴ്ച മുന്‍പും ചികിത്സാ പിഴവു മൂലം കുഞ്ഞ് മരിച്ചെന്ന പരാതി ആശുപത്രിക്കെതിരേ ഉയര്‍ന്നിരുന്നു. ഐരക്കുഴി ഗീതു മന്‍സിലില്‍ ശരത്-ഗീതു ദമ്പതികളുടെ കുഞ്ഞുങ്ങള്‍ ആണ് മരിച്ചത്. ഗീതു ആദ്യ മാസം മുതല്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. ഏപ്രില്‍ 14ന് ഗീതുവിന്റെ സിസേറിയന്‍ നിശ്ചയിച്ചതാണ്. എന്നാല്‍, ഏപ്രില്‍ ഒന്നിന് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.
ഗൈനക്കോളജി ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ സര്‍ജറി കഴിഞ്ഞു പോയതാണന്നും ഇനി വരാന്‍ പറ്റില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്നു ഗീതുവും ഭര്‍ത്താവ് ശരത്തും പറയുന്നു. ഗീതുവിനു പ്രാഥമിക ചികിത്സ പോലും നല്‍കാതെ എസ്എടി ആശുപത്രിയിലേക്ക് അയച്ചു. എസ്എടി ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് അമ്മയുടെ ഉദരത്തില്‍ രക്തസ്രാവം മൂലം ഇരട്ട ആണ്‍ കുഞ്ഞുങ്ങള്‍ മരിച്ചതായി അറിയുന്നത്. എന്നാല്‍, താലൂക്ക് ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു. ഉത്തരവാദികളായ ഡോക്ടര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കടയ്ക്കല്‍ പോലിസിനും ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
എസ്ഡിപിഐ ചടയമംഗലം മണ്ഡലം കമ്മിറ്റി എല്ലാവിധ നിയമ സഹായവും വാഗ്ദാനം നല്‍കി. വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം പ്രസിഡന്റ് ഷറാഫത്ത് മല്ലം പറഞ്ഞു. മണ്ഡലം സെക്രട്ടറി നൗഷാദ് പുളിമൂട്, നാസര്‍ കിഴക്കുംഭാഗം, റാഷിദ് കാനൂര്‍, റാഫി കാനൂര്‍ സംബന്ധിച്ചു.