കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജുമുഅയും പെരുന്നാള്‍ നമസ്‌കാരവും നിര്‍വഹിക്കാന്‍ അനുവദിക്കണം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ
കോട്ടയം: കൊവിഡ് മാനദണ്ഡങ്ങള്‍ പരിപൂര്‍ണമായി പാലിച്ച് ജുമുഅയും പെരുന്നാള്‍ നിസ്‌കാരവും മറ്റു ആരാധനകളും നിര്‍വഹിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുതരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി മഹമൂന്‍ ഹുദവി. കോട്ടയം കലക്ടറേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊവിഡ് മാനദണ്ഡങ്ങള്‍ പരിപൂര്‍ണമായി പാലിക്കുന്നതില്‍ വിശ്വാസികള്‍ കാണിക്കുന്ന ജാഗ്രതയും ക്ഷമയും സഹകരണവും അവരുടെ ദൗര്‍ബല്യമായി കാണരുത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട മേഖലകളില്‍ വിശാലമായ സൗകര്യമുള്ള പള്ളികളില്‍ ആരാധന നടത്താന്‍ അനുമതി നല്‍കണം. ഇതൊരു സൂചനാസമരം മാത്രമാണെന്നും അനുകൂലമായ തീരുമാനം ഉടനുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്നോട്ടുവരുമെന്ന് പ്രതിഷേധ സംഗമത്തില്‍ അദ്ദേഹം പറഞ്ഞു.
സ്‌റ്റേറ്റ് ഓര്‍ഗനൈസര്‍ സെക്രട്ടറി ഒ എം ശരീഫ് ദാരിമി അധ്യക്ഷത വഹിച്ചു. സമസ്തയുടെ വിവിധ പോഷക സംഘടനയുടെ ജില്ലാ നേതാക്കന്മാരായ എം ബി അമീന്‍ഷാ, കെ എ ശരീഫ് കുട്ടി, മുഹമ്മദാലി അല്‍ ഖാസിമി, ടി പി ഷാജഹാന്‍, അന്‍വര്‍ തലയോലപ്പറമ്പ്, അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍, നിഷാദ്, സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.