കോട്ടയം: ആഗസ്ത് 11ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ എലിക്കുളം ഗ്രാമപ്പഞ്ചായത്ത് പതിനാലാം വാര്‍ഡിന്റെ (ഇളങ്ങുളം) പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ദിവസം അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. പോളിങ് സ്‌റ്റേഷനായ ഇളങ്ങുളം സെന്റ് മേരീസ് എല്‍പി സ്‌കൂളിന് ആഗസ്ത് 10,11 തിയ്യതികളില്‍ അവധിയായിരിക്കും. വോട്ടെടുപ്പ് അവസാനിക്കുന്ന ആഗസ്ത് 11നു വൈകുന്നേരം ആറു മണിക്കു മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിവസമായ ആഗസ്ത് 12നും വാര്‍ഡ് പരിധിയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ ഈ വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ പോളിംഗ് കേന്ദ്രത്തില്‍ പോയി വോട്ടുചെയ്യുന്നതിന് മേലധികാരികള്‍ പ്രത്യേക അനുമതി നല്‍കണമെന്നും കലക്ടര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്ന സ്ഥലത്ത് ആഗസ്ത് 10ന് ഉച്ചയ്ക്ക് 12ന് മുമ്പ് എത്തണം.