കൊവിഡ് വ്യാപനം: ജനങ്ങള്‍ സ്വയം മുന്‍കരുതലുകളെടുക്കണം; നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മുന്നറിയിപ്പ്
കോട്ടയം: ജില്ലയിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫിസറും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറുമായ പി എം അലി അസ്ഗര്‍ പാഷയുടെ നേതൃത്വത്തില്‍ വിലയിരുത്തി. പ്രതിരോധ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിന് ജനങ്ങള്‍ സ്വയം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.
കടയുടമകളും സ്ഥാപനമേധാവികളും രോഗപ്രതിരോധം സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കണം. ഇത്തരമൊരു ജാഗ്രതാ സംവിധാനം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോവാനായില്ലെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടാവും. മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ കോട്ടയത്ത് കൊവിഡ് ചികില്‍സയ്ക്ക് മികച്ച സൗകര്യങ്ങളുണ്ടെന്നും ലഭ്യതയ്ക്കനുസരിച്ച് ജില്ലയില്‍ വാക്‌സിന്‍ വിതരണം ഊര്‍ജിതമാക്കുമെന്നും സ്‌പെഷ്യല്‍ ഓഫിസര്‍ പറഞ്ഞു. ഓരോ വ്യക്തിയും രോഗവ്യാപന സാധ്യത സ്വയം മനസ്സിലാക്കി പരിശോധന നടത്താനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും തയ്യാറാവേണ്ടതുണ്ട്.
സാമൂഹിക അകലം ഉറപ്പാക്കാനും വിവാഹം, ശവസംസ്‌കാരം തുടങ്ങിയ ചടങ്ങുകളില്‍ അവശ്യസാഹചര്യങ്ങളില്‍ ഒഴികെ പങ്കെടുക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം. കൊവിഡ് പ്രതിരോധം, ചികില്‍സ, ബോധവത്കരണം എന്നിവയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ.പി കെ ജയശ്രീ യോഗത്തില്‍ വിശദമാക്കി. സബ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എഡിഎം ജിനു പുന്നൂസ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.