രക്ഷാപ്രവര്‍ത്തനത്തിന് മല്‍സ്യബന്ധന വള്ളങ്ങളും ബോട്ടുകളും; സേനാവിഭാഗങ്ങളും സജ്ജം

Update: 2021-10-20 03:33 GMT

കോട്ടയം: വെള്ളപ്പൊക്കമടക്കമുള്ള സാഹചര്യമുണ്ടായാല്‍ ദുരിതാശ്വാസപ്രവര്‍ത്തനം നടത്തുന്നതിന് മല്‍സ്യബന്ധന വള്ളങ്ങളും ബോട്ടുകളും അടക്കം വിന്യസിക്കും. മല്‍സ്യത്തൊഴിലാളികളുടെ സേവനം ഇതിനായി ഉറപ്പാക്കും. ബോട്ടുകള്‍ ലഭ്യമാക്കാന്‍ ഡിടിപിസിക്കടക്കം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജെസിബി അടക്കമുള്ള വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് ആര്‍ടിഒയെ ചുമതലപ്പെടുത്തി. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് മല്‍സ്യബന്ധന വള്ളങ്ങള്‍ ജില്ലയിലെത്തിച്ചു.

11 മല്‍സ്യത്തൊഴിലാളികളുമെത്തി. ചങ്ങനാശേരി മുനിസിപ്പല്‍ ഗ്രൗണ്ടിലാണ് വള്ളങ്ങള്‍ ലോറിയിലെത്തിച്ചത്. സഹകരണ രജിസ്‌ട്രേഷന്‍ മന്ത്രി വി എന്‍ വാസവന്‍, ഫിഷറീസ് മന്ത്രി സജി ചെറിയാനുമായി ബന്ധപ്പെട്ട് ആലപ്പുഴ തോട്ടപ്പള്ളിയില്‍നിന്ന് ഫിഷറീസ് വകുപ്പ് മുഖേനയാണ് വള്ളവും മല്‍സ്യത്തൊഴിലാളികളെയുമെത്തിച്ചത്.

ആലപ്പുഴയില്‍നിന്നെത്തിച്ച മല്‍സ്യബന്ധന വള്ളങ്ങള്‍ ചങ്ങനാശേരി മുനിസിപ്പല്‍ ഗ്രൗണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. മണിമല, എരുമേലി കുറുവനാഴി, വെള്ളാവൂര്‍ പാലത്തില്‍ അടിഞ്ഞിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് റോഡ്‌സ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി.

സോഡുകളില്‍ അടിഞ്ഞ മാലിന്യങ്ങള്‍ നീക്കാനും നിര്‍ദേശം നല്‍കി. പുഴകളിലെ നീരൊഴുക്കിന് തടസമായ മരങ്ങള്‍, മണ്ണ് തുടങ്ങിയവ അടിയന്തരമായി നീക്കം ചെയ്യാന്‍ മേജര്‍-മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ നടപടികള്‍ തുടങ്ങി. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് പൂര്‍ണ സജ്ജരാണെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. ജില്ലയിലെത്തിയിട്ടുള്ള കരസേന ഇവിടെ തുടരും. ആവശ്യമെങ്കില്‍ അപ്പര്‍കുട്ടനാട്ടില്‍ ക്യാംപ് ചെയ്യുന്ന എന്‍ഡിആര്‍എഫ് ടീമിന്റെ സഹായവും തേടും. പോലിസും സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News