കോട്ടയം: 'ഒരമ്മയല്ലേ ഞാന്‍, എനിക്കൊരു മോനല്ലേ, എന്നോട് എന്തിനിത് ചെയ്തു, എന്തിനാണ് ഈ കാലന്‍മാരെയൊക്കെ സര്‍ക്കാര്‍ ഇറക്കിവിടുന്നത്. എന്റെ പൊന്നുമോനെ എനിക്ക് തിരിച്ചുതരുമോ ?' കോട്ടയത്ത് അതിക്രൂരമായി കൊല്ലപ്പെട്ട 19കാരനായ ഷാന്‍ ബാബുവിന്റെ മാതാവിന്റെ ഹൃദയം നുറുങ്ങുന്ന വാക്കുകളാണിത്. പോലിസിനും സര്‍ക്കാരിനുമെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഷാനിന്റെ മാതാവ് ത്രേസ്യാമ്മ ഉന്നയിക്കുന്നത്. അര്‍ധരാത്രി തന്നെ പരാതിപ്പെട്ടിട്ടും തന്റെ മകനെ രക്ഷിക്കാന്‍ പോലിസിനായില്ല. രാവിലെ ഷാനെ തിരികെ കൊണ്ടുവരുമെന്നായിരുന്നു പോലിസിന്റെ മറുപടിയെന്നും മാതാവ് പറഞ്ഞു.
'മൂന്ന് പിള്ളേരെകൂടി അവന്‍ നടന്നുവരികയായിരുന്നു. രണ്ട് പിള്ളേരും ഓടിപ്പോയി, എന്റെ മോന്റെ കാലിന്റെ മുട്ട് മുറിഞ്ഞതുകൊണ്ട് അവന് ഓടാന്‍ പറ്റിയില്ല. അതാണ് അവന്‍ എന്റെ കുഞ്ഞിനെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയത്. എന്റെ കുഞ്ഞിന്റെ ജഡം കൊണ്ടുവന്ന് പോലിസ് സ്റ്റേഷനില്‍ കൊണ്ടുക്കൊടുത്തിരിക്കുകയാണ്. പോലിസുകാര്‍ എന്ത് നോക്കിനില്‍ക്കുകയായിരുന്നു, എന്റെ കുഞ്ഞിനെ ഇങ്ങനെ കൊണ്ടുചെല്ലാന്‍. ഞാന്‍ പോലിസ് സ്‌റ്റേഷനില്‍ പോയി പരാതിപ്പെട്ടതാ രാത്രിയില്‍. എന്റെ മോനെ കണ്ടില്ല, ജോമോന്‍ എന്നൊരുത്തന്‍ എന്തോ പറഞ്ഞ് അവനെ കൂട്ടിക്കൊണ്ടുപോയെന്ന്. പോലിസുകാര് നോക്കിക്കൊള്ളാം.. നോക്കിക്കൊള്ളാം എന്ന് പറഞ്ഞു.
ഞാനവരോട് നൂറുവട്ടം ചോദിച്ചു, എന്റെ കുഞ്ഞിന് എന്തെങ്കിലും ആപത്തുണ്ടോയെന്ന്. ഇല്ല, ചേച്ചി ധൈര്യമായിരിക്ക്, നേരം വെളുക്കുമ്പോള്‍ മോനെ ഞങ്ങള്‍ പിടിച്ചുകൊണ്ടുതരുമെന്ന് അവര്‍ പറഞ്ഞു. രാത്രി രണ്ടുമണിയായപ്പോള്‍ അവന്‍ എന്റെ കുഞ്ഞിനെ കൊന്ന് പോലിസ് സ്റ്റേഷന്റെ വാതില്‍ക്കല്‍ കൊണ്ടുക്കൊടുത്തിരിക്കുകയാണ്. എന്റെ കുഞ്ഞിനെ എങ്ങനെ ദ്രോഹിക്കാന്‍ തോന്നും. ഇവന്‍ എത്രയോ പേരെ ഇങ്ങനെ വെറുതെ കൊല്ലുന്നു. ഈ സര്‍ക്കാര്‍ എന്തിനാണ് ഇവനെയൊക്കെ വെറുതെവിടുന്നത്'- ഷാന്റെ മാതാവ് അധികാരികളോട് ചോദിക്കുന്നു.
ജോമോനാണ് തട്ടിക്കൊണ്ടുപോയത് വ്യക്തമായിരുന്നില്ലെന്നാണ് പോലിസ് നേരത്തെ പറഞ്ഞിരുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ മൃതദേഹം തോളിലേറ്റി ഈസ്റ്റ് പോലിസ് സ്‌റ്റേഷന് മുന്നില്‍ കൊണ്ടിട്ടത്. താനൊരാളെ കൊന്നുവെന്ന് പോലിസുകാരോട് വിളിച്ചുപറഞ്ഞ ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ ജോമോനെ പോലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.