കോട്ടയം: ഉരുള്‍പ്പൊട്ടലിലും പ്രളയക്കെടുതിയിലും നാശനഷ്ടം നേരിട്ട കൂട്ടിക്കലിലും കാഞ്ഞിരപ്പള്ളിയിലും കുടുംബശ്രീ സിഡിഎസ്സുകള്‍ അഞ്ചു വീട് നിര്‍മിച്ചു നല്‍കും. പ്രളയമേഖലയിലെ ജനങ്ങള്‍ക്ക് സഹായങ്ങളും ലഭ്യമാക്കി. മണിമല, കോരുത്തോട്, പള്ളിക്കത്തോട് പഞ്ചായത്തുകളിലെ സിഡിഎസ്സുകളുടെ നേതൃത്വത്തില്‍ കൂട്ടിക്കലില്‍ മൂന്നും കാഞ്ഞിരപ്പള്ളി സിഡിഎസിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ രണ്ടുവീടുമാണ് നിര്‍മിക്കുക. കുടുംബശ്രീ അംഗങ്ങളില്‍നിന്ന് സമാഹരിക്കുന്ന തുക ഉപയോഗിച്ചാണ് വീട് നിര്‍മിക്കുക.
വെള്ളാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 150 കുടുംബശ്രീ യൂനിറ്റുകളില്‍നിന്ന് സമാഹരിച്ച 6,08,197 രൂപ ഉപയോഗിച്ച് പ്രളയമേഖലയിലെ 123 കുടുംബങ്ങള്‍ക്ക് കിടക്കകള്‍, പാത്രങ്ങള്‍, 2000 രൂപ വില വരുന്ന പലചരക്ക് സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി. പള്ളിക്കത്തോട്, അകലക്കുന്നം, വെള്ളൂര്‍, വാഴൂര്‍ തുടങ്ങി ഗ്രാമപ്പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവര്‍ത്തകരും പ്രളയമേഖലകളില്‍ സഹായങ്ങള്‍ എത്തിച്ചിരുന്നു.
പ്രളയത്തില്‍ ഏറെ നാശനഷ്ടം നേരിട്ട കൂട്ടിക്കല്‍ പഞ്ചായത്ത് ഓഫിസിന് സമീപത്തെ ജനകീയ ഹോട്ടലിലേക്ക് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 50,000 രൂപയുടെ പാത്രങ്ങളും മറ്റുപകരണങ്ങളും നല്‍കി. കുടുംബശ്രീയുടെ ന്യുട്രിമിക്‌സ് യൂനിറ്റുകള്‍ ഫ്രിഡ്ജും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള സഹായവും ലഭ്യമാക്കി. 15 ദിവസങ്ങമായി മേഖലയില്‍ മറ്റ് സേവനങ്ങളുമായി കുടുംബശ്രീ പ്രവര്‍ത്തകരുണ്ട്. വീടുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ഹോട്ടലുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ ശുചീകരിക്കാനും കുടുംബശ്രീ പ്രവര്‍ത്തകര്‍ സജീവമാണ്.
എരുമേലി, പൂഞ്ഞാര്‍, തലപ്പലം എന്നിവിടങ്ങളില്‍ 620 കുടുംബശ്രീ പ്രവര്‍ത്തകരാണ് ശുചീകരണത്തിനെത്തിയത്. ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ സിഡിഎസ്സുകളുടെയും സഹകരണത്തോടെ കൂടുതല്‍ സഹായങ്ങള്‍ പ്രളയമേഖലയിലേക്ക് എത്തിക്കാനും പ്രദേശവാസികളുടെ ജീവിതം സാധാരണരീതിയിലാക്കാനുള്ള പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുള്ളതായും കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ പറഞ്ഞു.