കുറവിലങ്ങാട് പള്ളി മൂന്നുനോമ്പ് തിരുനാള്‍ ഫെബ്രുവരി 3,4,5 തീയതികളില്‍

ഫെബ്രുവരി രണ്ടിന് 6.45ന് ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.ഫെബ്രുവരി നാലിന് ഉച്ചകഴിഞ്ഞ് ഒന്നിനാണ് കപ്പല്‍ പ്രദക്ഷിണം.കുറവിലങ്ങാട്ട് മൂന്നുനോമ്പ് തിരുനാളും കപ്പല്‍ പ്രദക്ഷിണവും ആരംഭകാലം മുതല്‍ക്കേ തുടങ്ങിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. കടല്‍പാരമ്പര്യം അവകാശപ്പെടുന്ന കടപ്പൂര്‍ നിവാസികള്‍ക്കാണ് എക്കാലവും കപ്പല്‍ സംവഹിക്കാനുള്ള അവകാശം. തിരുനാളില്‍ തിരുസ്വരൂപങ്ങള്‍ സംവഹിക്കുന്നത് കാളികാവ് കരക്കാരും മുത്തുക്കുടകള്‍ സംവഹിക്കുന്നത് മുട്ടുചിറയിലെ കണിവേലില്‍ കുടുംബക്കാരുമാണ്

Update: 2020-01-31 17:55 GMT

കൊച്ചി: ആഗോളമരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ മൂന്നുനോമ്പ് തിരുനാളിനുള്ള ഒരുക്കങ്ങള്‍ ഫെബ്രുവരി 3,4,5 തീയതികളില്‍ നടക്കുമെന്ന്് പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി,കുടുംബകൂട്ടായ്മ ജനറല്‍ ലീഡര്‍ ഷാജിമോന്‍ മങ്കുഴിക്കരി,പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍,ബെന്നി കൊച്ചുകിഴക്കേടം, കൈക്കാരന്‍ ജോണ്‍ സിറിയക് കരികുളം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫെബ്രുവരി രണ്ടിന് 6.45ന് ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.ഫെബ്രുവരി നാലിന് ഉച്ചകഴിഞ്ഞ് ഒന്നിനാണ് കപ്പല്‍ പ്രദക്ഷിണം.കുറവിലങ്ങാട്ട് മൂന്നുനോമ്പ് തിരുനാളും കപ്പല്‍ പ്രദക്ഷിണവും ആരംഭകാലം മുതല്‍ക്കേ തുടങ്ങിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. കടല്‍പാരമ്പര്യം അവകാശപ്പെടുന്ന കടപ്പൂര്‍ നിവാസികള്‍ക്കാണ് എക്കാലവും കപ്പല്‍ സംവഹിക്കാനുള്ള അവകാശം. തിരുനാളില്‍ തിരുസ്വരൂപങ്ങള്‍ സംവഹിക്കുന്നത് കാളികാവ് കരക്കാരും മുത്തുക്കുടകള്‍ സംവഹിക്കുന്നത് മുട്ടുചിറയിലെ കണിവേലില്‍ കുടുംബക്കാരുമാണ്. ഈ വര്‍ഷം മുതല്‍ ഇടവകയിലെ 81 കുടുംബകൂട്ടായ്മകളില്‍ നിന്നുള്ള പ്രതിനിധികളേയും മുത്തുക്കുടകള്‍ സംവഹിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മതസൗഹാര്‍ദ്ദത്തിന്റെ മറ്റൊലികളുയര്‍ത്തി തിരുനാള്‍ ആഘോഷത്തിലെ നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയ ആന അകമ്പടിയും കുറവിലങ്ങാട് നടക്കുന്ന മൂന്നുനോമ്പ് തിരുനാളിന്റെ മാത്രം പ്രത്യേകതയാണ്. തീവെട്ടികള്‍ വെളിച്ചം വിതറുന്ന രാത്രി പ്രദക്ഷിണങ്ങളും കുറവിലങ്ങാട്ടെ പ്രത്യേകതയാണ്.സഭൈക്യവാരാചരണവും ദേശതിരുനാളുകളും പത്താംതിയതി തിരുനാളും സമ്മാനിയ്ക്കുന്ന ആത്മീയതയുടെ നിറവിലാണ് മൂന്നുനോമ്പ് തിരുനാളിലേയ്ക്ക് പ്രവേശിക്കുക. തിരുനാളിന്റെ ആദ്യദിനമായ മൂന്നിന് 8.30ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കും. വൈകുന്നേരം അഞ്ചിന് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.രണ്ടാംദിനമായ നാലിന് രാവിലെ 8.30ന് സീറോ മലങ്കര മുവാറ്റുപുഴ രൂപത മെത്രാന്‍ യൂഹനാന്‍ മാര്‍ തിയഡോഷ്യസും 10.30ന് താമരശേരി രൂപതാ മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. സമാപനദിനമായ അഞ്ചിന് വൈകുന്നേരം 4.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.തിരുനാളിന് പിന്നാലെ ഫെബ്രുവരി എട്ട്, ഒന്‍പത് തിയതികളില്‍ സീറോ മലബാര്‍ സഭാതലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇടവക ദേവാലയത്തില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും.തിരുനാളിനായി ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. സര്‍ക്കാര്‍ തലത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി 

Tags:    

Similar News