മുസ്‌ലിം സമുദായത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിക്കരുത്: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

Update: 2021-07-16 16:51 GMT

കോട്ടയം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ അനുപാതം ജനസംഖ്യാനുപാതികമായി പുനക്രമീകരിച്ച സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ ഷാ. സച്ചാര്‍- പാലോളി കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്ക് മാത്രം തുടങ്ങിവച്ച ആനുകൂല്യങ്ങള്‍ പാടെ നിരാകരിക്കുന്ന സാഹചര്യമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത്. ഇതോടെ മുസ്‌ലിം വിഭാഗങ്ങള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുകയാണ്. ഈ സമീപനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം.

സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടനുസരിച്ച് സ്‌കോളര്‍ഷിപ്പിന്റെ 100 ശതമാനം ആനുകൂല്യവും മുസ്‌ലിം വിഭാഗങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പില്‍ 20 ശതമാനം വിവിധ ന്യൂനപക്ഷങ്ങളെ കൂട്ടിച്ചേര്‍ത്തു. 80:20 അനുപാതത്തില്‍തന്നെ മുസ്‌ലിം വിഭാഗത്തിന് ആവശ്യമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. സര്‍ക്കാര്‍ പുനക്രമീകരിക്കുമ്പോള്‍ വീണ്ടും മുസ്‌ലിം വിഭാഗത്തിന് സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ പുനക്രമീകരണത്തിലൂടെ സ്‌കോളര്‍ഷിപ്പിന് പിന്നാക്കാവസ്ഥ മാനദണ്ഡമല്ലാതായിരിക്കുന്നു.

ജനസംഖ്യാനുപാതികമായി നല്‍കുമെന്ന് പറയുമ്പോഴും അതില്‍ എത്ര ശതമാനം മുസ്‌ലിം വിഭാഗത്തിനെന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത നല്‍കുന്നില്ല. നിലവില്‍ മുസ്‌ലിം സമുദായത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ക്രൈസ്തവ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജ. ബഞ്ചമിന്‍ കോശി കമ്മീഷന്‍ പിരിച്ചുവിടണമെന്നും അമീന്‍ ഷാ ആവശ്യപ്പെട്ടു.

Tags:    

Similar News