മുതിര്‍ന്ന വൈദികന്‍ ഫാ.ജോസ് തെക്കേല്‍ അന്തരിച്ചു
സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് വഞ്ചിമല സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും. കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യൂ അറയ്ക്കല്‍ എന്നിവര്‍ സംസ്‌കാരശുശ്രൂഷയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
കോട്ടയം: മുതിര്‍ന്ന വൈദികനും കാഞ്ഞിരപ്പള്ളി രൂപതാംഗവുമായ ഫാ. ജോസ് തെക്കേല്‍ (79) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് വഞ്ചിമല സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും. കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യൂ അറയ്ക്കല്‍ എന്നിവര്‍ സംസ്‌കാരശുശ്രൂഷയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വഞ്ചിമല പരേതരായ ചാക്കോ- മറിയം ദമ്പതികളുടെ മകനാണ് ഫാ.ജോസ് തെക്കേല്‍.
ചങ്ങനാശ്ശേരി പാറേല്‍ സെന്റ് തോമസ് സെമിനാരി, വടവാതൂര്‍ സെന്റ് തോമസ് സെമിനാരി എന്നിവിടങ്ങളിലെ വൈദികപഠനത്തിനുശേഷം 1968 ഡിസംബര്‍ 18ന് പൗരോഹിത്യം സ്വീകരിച്ചു. കല്ലാര്‍, ചങ്ങനാശ്ശേരി കത്തീഡ്രല്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് വികാരിയായി പൗരോഹിത്യശുശ്രൂഷ ആരംഭിച്ച അദ്ദേഹം, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി പടിയറയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വെഞ്ചെമ്പ്, വണ്ടന്‍പതാല്‍, തരകനാട്ടുകുന്ന്, കുമളി, കണ്ണിമല, കോരുത്തോട്, മുണ്ടക്കയം, പുത്തന്‍ കൊരട്ടി, കട്ടപ്പന എന്നിവിടങ്ങളില്‍ വികാരിയായും കാളകെട്ടി മാര്‍ട്ടിന്‍ ഡി പോറസ് കപ്പേള, എലിക്കുളം സെറിനിറ്റി ഹോം എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
മുമ്പ് റാന്നി പെരുനാട് ബഥനിമല ഇടവകാംഗമായിരുന്നു. സഹോദരങ്ങള്‍: ടി സി മാത്യു (തെലുങ്കാന), സിസ്റ്റര്‍ ക്രിസ്റ്റി സിഎംസി (കാഞ്ഞിരപ്പള്ളി), ടി സി ജോണി (വഞ്ചിമല). മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പതിന് വഞ്ചിമല സെന്റ് ആന്റണീസ് പള്ളിയില്‍ എത്തിക്കും. കൊവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്‌കാര ചടങ്ങുകളില്‍ 10 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.