ഫോട്ടോഗ്രഫര്‍ക്കെതിരേ കേസ്: പത്രസ്വാതന്ത്യത്തിനെതിരായ നീക്കം-പത്രപ്രവര്‍ത്തക യൂനിയന്‍
കോഴിക്കോട്: മാധ്യമം ദിനപത്രത്തിന്റെ പ്രാദേശിക പേജില്‍ മുക്കത്ത് നിന്നെടുത്ത ഒരു വാര്‍ത്താചിത്രം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഫോട്ടോഗ്രഫര്‍ ബൈജു കൊടുവള്ളിക്കെതിരേ മുക്കം പോലിസ് കേസെടുത്തതില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കലാപത്തിനു കാരണമാകും വിധത്തില്‍ പ്രകോപനമുണ്ടാക്കല്‍, ശല്യമാക്കുന്ന സന്ദേശം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തുന്ന വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം അസാധ്യമാക്കും വിധത്തില്‍ നിസാര സംഭവങ്ങളില്‍ പോലും ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുന്നത് അനുവദിക്കാനാവില്ല. മാധ്യമപ്രവര്‍ത്തകര്‍ അധികാരികളുടെ താല്‍പര്യത്തിനനുസരിച്ച് വാര്‍ത്തകള്‍ എഴുതണമെന്നും ചിത്രം എടുക്കണമെന്നും പറയുന്നതിനു തുല്യമാണിത്. ഈ സാഹചര്യത്തില്‍ ഫോട്ടോഗ്രഫര്‍ക്കെതിരായ മുക്കം നഗരസഭാ ചെയര്‍മാന്റെ പരാതി പിന്‍വലിക്കണം. ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് എം ഫിറോസ് ഖാനും സെക്രട്ടറി പി എസ് രാകേഷും ആവശ്യപ്പെട്ടു.