ചോമ്പാല്‍ ഹാര്‍ബര്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും; ചില്ലറ വില്‍പ്പനയില്ല

അഞ്ചുപേരില്‍ താഴെ മല്‍സ്യത്തൊഴിലാളികള്‍ പോവുന്ന തോണികള്‍ക്കേ പ്രവര്‍ത്തനാനുമതിയുള്ളു. മുന്‍കൂട്ടി ടോക്കണ്‍ വാങ്ങി മല്‍സ്യബന്ധന ശേഷം സാമൂഹിക അകലം പാലിച്ച് വില്‍പ്പന നടത്തണം.

Update: 2020-04-29 12:57 GMT

കോഴിക്കോട്: അഴിയൂര്‍ പഞ്ചായത്തിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിട്ട ചോമ്പാല്‍ ഹാര്‍ബര്‍ കര്‍ശന ഉപാധികളോടെ നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദേശാനുസരണം ചോമ്പാല്‍ ഹാര്‍ബറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി, കടല്‍ക്കോടതി അംഗങ്ങളുടെയും സംയുക്ത യോഗമാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം ലഭിച്ച തീരുമാനമെടുത്തത്. അഞ്ചുപേരില്‍ താഴെ മല്‍സ്യത്തൊഴിലാളികള്‍ പോവുന്ന തോണികള്‍ക്കേ പ്രവര്‍ത്തനാനുമതിയുള്ളു. മുന്‍കൂട്ടി ടോക്കണ്‍ വാങ്ങി മല്‍സ്യബന്ധന ശേഷം സാമൂഹിക അകലം പാലിച്ച് വില്‍പ്പന നടത്തണം.  പരസ്യലേലമൊഴിവാക്കി ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി നിശ്ചയിക്കുന്ന വില മത്സ്യത്തൊഴിലാളിക്ക് ലഭിക്കും.

'വിലയുടെ ഒരുശതമാനം സൊസൈറ്റിയുടെ ദൈനംദിന ചെലവുകള്‍ക്ക് ഉപയോഗിക്കും. മാര്‍ക്കറ്റില്‍നിന്നുള്ള ചില്ലറ കച്ചവടക്കാര്‍ക്കും മല്‍സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കും മാത്രമേ ഹാര്‍ബറില്‍ പ്രവേശനമുള്ളു. ഇതിനായി അവര്‍ ഹാര്‍ബര്‍ വകുപ്പ് നല്‍കുന്ന പാസ് കൈപ്പറ്റണം. ആള്‍ക്കൂട്ടനിയന്ത്രണത്തിന്റെ ഭാഗമായി ഒരു കാരണവശാലും ഹാര്‍ബറിലും സമീപത്തും ചില്ലറ മല്‍സ്യവില്‍പ്പന അനുവദിക്കില്ല. ചില്ലറവില്‍പ്പനക്കാര്‍ക്ക് മാര്‍ക്കറ്റുകളില്‍ ഹാര്‍ബര്‍ വിലയുടെ 20 ശതമാനം തുക അധികരിച്ച് മീന്‍ വില്‍ക്കാം. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജില്ലയില്‍ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി എന്നീ ഹാര്‍ബറുകളില്‍ ലോക്ക് ഡൗണ്‍ കാലയളവിലും നിയന്ത്രിത രീതിയില്‍ മല്‍സ്യബന്ധനവും വിപണനവും നടക്കുന്നുണ്ട്.

പഴകിയ മീന്‍ വ്യാപകമായി പിടിച്ചെടുക്കുതിനാല്‍ ഹാര്‍ബറില്‍നിന്നും ലഭിക്കുന്ന ചെറുമല്‍സ്യങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. ഇതുസംബന്ധിച്ച് ഹാര്‍ബറില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി ജയന്‍ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി കലക്ടര്‍ ടി ജനില്‍ കുമാര്‍, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ബി കെ സുധീര്‍ കിഷണ്‍, കോസ്റ്റല്‍ പോലിസ് സിഐ കെ ആര്‍ ബിജു, എസ്ഐ എസ് നിഖില്‍, എംഎല്‍എയുടെ പ്രതിനിധി മോണി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, വാര്‍ഡ് മെമ്പര്‍ കെ ലീല, ഹാര്‍ബര്‍ എന്‍ജിനീയറിങ് എഇ പി കെ അജിത്ത്, വില്ലേജ് ഓഫിസര്‍ ടി പി റെനീഷ് കുമാര്‍, ഹാര്‍ബര്‍ വികസനസമിതി, കടല്‍കോടതി അംഗങ്ങള്‍, വിവിധ തൊഴിലാളി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News