കോഴിക്കോട്: പഠിക്കാന്‍ തയ്യാറാണെകില്‍ പ്രായമോ, പണമോ ഒന്നും ഒരു തടസ്സമേയല്ലെന്ന് തെളിയിക്കുകയാണ് ബാലുശ്ശേരി പഞ്ചായത്തിലെ രജനി- സഹദേവന്‍ ദമ്പതികള്‍. ഇവര്‍ രണ്ടുപേരും ഒരുമിച്ചാണ് ഇത്തവണ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതുന്നത്. പരീക്ഷ ഉറപ്പായും ജയിക്കുമെന്നും അതിലൂടെ പാതിവഴിയിലായ സ്വപ്‌നവും ആത്മവിശ്വാസവും വീണ്ടെടുക്കാന്‍ സാധിക്കുമെന്നും ഇവര്‍ പറയുന്നു. കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പരീക്ഷ എഴുതുന്നത്. 67 വയസ്സുള്ള കല്യാണി അമ്മയും ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്.
ഏഴാം തരം, പത്താംതരം എല്ലാം കല്യാണിയമ്മ തുല്യതാപരീക്ഷയിലൂടെയാണ് എഴുതി നേടിയത്. ചേളന്നൂര്‍ എസ്എന്‍ കോളജിലാണ് കല്യാണിയമ്മ പരീക്ഷയെഴുതുന്നത്. പഠിക്കാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കരുതെന്ന സന്ദേശം മാത്രമാണ് കല്യാണിയമ്മയ്ക്ക് നല്‍കാനുള്ളത്. കൊവിഡ് പോസിറ്റീവ് ആയവര്‍ക്കും പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.
തലക്കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് മെംബറും ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാവുമായ സി ഷൈനിയും ജീഷ്മയും കൊവിഡ് പോസിറ്റീവ് അവസ്ഥയിലാണ് പരീക്ഷ എഴുതുന്നത്. ഇത്തവണ ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയെഴുതുന്നത് 2,060 പേരാണ്. ആകെ പരീക്ഷയെഴുതുന്നവരില്‍ 1,384 പേരും സ്ത്രീകളാണ്. പട്ടികജാതി- വര്‍ഗ വിഭാഗത്തില്‍പെടുന്ന 285 പേരും ഭിന്നശേഷി വിഭാഗത്തില്‍ 23 പേരും പരീക്ഷ എഴുതി. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 10 മുതല്‍ 12.45 വരെയാണ് പരീക്ഷകള്‍ നടക്കുന്നത്. 14 കേന്ദ്രങ്ങളിലായാണ് പരീക്ഷ. സാക്ഷരതാ മിഷന്‍ നടപ്പാക്കിവരുന്ന പ്രത്യേക പദ്ധതിയായ സമയിലൂടെ 70 വനിതകളാണ് കോര്‍പറേഷനില്‍ പരീക്ഷയെഴുതുന്നത്. ജൂലൈ 31ന് പരീക്ഷ അവസാനിക്കും.