കോഴിക്കോട്: കൊവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ മരണനിരക്ക് തടഞ്ഞുനിര്‍ത്തുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് കൊവിഡ് മരണം സ്ഥിരീകരിച്ചതില്‍ കൂടുതലും മറ്റുഗുരുതര രോഗങ്ങള്‍ ഉണ്ടായിരുന്നവരാണ്. മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മരണനിരക്ക് കൂടുവാനുള്ള സാധ്യതയാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ജനസാന്ദ്രതയും ജീവിതശൈലീ രോഗങ്ങളും പ്രായമേറിയവരും കേരളത്തില്‍ കൂടുതലുണ്ടെന്ന കാരണമാണ് ഇതിന് അടിസ്ഥാനമായി പറയുന്നത്. മരണനിരക്ക് കൂടുന്നത് തടയാന്‍ കനത്ത ജാഗ്രത ആവശ്യമാണ്. ഗുരുതര രോഗങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് വ്യക്തിഗത ശ്രദ്ധവേണം. ഇതിനായി മെഡിക്കല്‍ കോളജുകളില്‍ ടെലി മെഡിസിന്‍ സംവിധാനം ഒരുക്കും. വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാര്‍ രോഗികളുടെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിച്ച് ചികില്‍സാ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2019നെ അപേക്ഷിച്ച് കൊവിഡ് സാഹചര്യത്തിലും കേരളത്തില്‍ മരണനിരക്ക് കുറവാണ്. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്തെ മരണനിരക്ക് പരിശോധിച്ചതില്‍ നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്.
രോഗവ്യാപനത്തിന്റെ തോത് കേരളത്തില്‍ നവംബര്‍ മാസത്തോടെ കുറയാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.എങ്കിലും രോഗവര്‍ധന ഉണ്ടാവുമെന്ന മുന്‍കരുതലോടുകൂടി തന്നെയാണ് ആരോഗ്യസംവിധാനത്തെ സജ്ജമാക്കി നിര്‍ത്തിയിട്ടുള്ളത്. ബ്രേക്ക് ദി ചെയിന്‍കാംപയിനിന്റെ ഭാഗമായി മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങള്‍ ബഹുഭൂരിപക്ഷം ആളുകളും പാലിക്കുന്നത് കൊണ്ടും ആരോഗ്യപ്രവര്‍ത്തകരുടെ ശക്തമായ ഇടപെടല്‍ കൊണ്ടുമാണ് വ്യാപനം കുറയുമെന്ന നിഗമനത്തില്‍ ആരോഗ്യവിദഗ്ധര്‍ എത്തിയിട്ടുള്ളത്.
ചികിത്സാ സൗകര്യങ്ങളുടെ അഭാവംകൊണ്ട് രോഗികള്‍ മരിക്കാന്‍ ഇടവരരുത്. ആവശ്യമായ വെന്റിലേറ്ററുകള്‍ ലഭ്യമാക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 68 വെന്റിലേറ്ററുകള്‍ കോവിഡിന് വേണ്ടി മാത്രം നീക്കിവച്ചിട്ടുണ്ട്. ഇതില്‍ 14 എണ്ണത്തിലാണ് നിലവില്‍ രോഗികളുള്ളത്. ഓക്സിജന്‍ ബെഡുകളുടെ സൗകര്യവും എല്ലാ മെഡിക്കല്‍ കോളജുകളിലും വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരോ ദിവസത്തേയും ഉപയോഗത്തിന് 177 മെട്രിക് ടണ്‍ ഓക്സിജന്‍ ഇപ്പോള്‍ സ്റ്റോക്കുണ്ട്. അതില്‍ 31 മെട്രിക് ടണ്‍ മാത്രമേ ദിവസത്തില്‍ ഉപയോഗിക്കുന്നുള്ളു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ സംവിധാനമുള്ള 300 ബെഡുകള്‍ ഉണ്ട്. 200 ബെഡുകള്‍ കൂടി ഒരുക്കും. നിലവില്‍ 211 രോഗികള്‍ക്കാണ് ഓക്സിജന്‍ ബെഡ് ഉപയോഗപ്പെടുന്നത്. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടിയുണ്ടായെങ്കിലും വേണ്ടത്ര ഡോക്ടര്‍മാരെ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
രോഗത്തെ നിസാരമായി കാണുന്ന പ്രവണത ശരിയല്ല. നിലവിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് രോഗവ്യാപനം ഇത്രത്തോളമെങ്കിലും പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നത്. രോഗം ഭേദമായവര്‍ക്ക് വീണ്ടും രോഗലക്ഷണങ്ങള്‍ തുടരുന്ന സാഹചര്യമുണ്ട്. ഇതിനായി ആയുര്‍വേദ വകുപ്പിന്റെ പങ്കാളിത്തത്തോടെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ എല്ലാ ജില്ലകളിലും ഒരുക്കും.
യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു, സംസ്ഥാന ഹെല്‍ത്ത് ഏജന്‍സി ജോ.ഡയരക്ടര്‍ ഡോ.ബിജോയ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡി.പി.എം ഡോ.എ.നവീന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍, സുപ്രണ്ടുമാരായ ഡോ. എം.പി.ശ്രീജയന്‍, ഡോ.സി.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.