ഗോഡ്‌സെയെ അനുകൂലിച്ച് ഫേസ്ബുക്ക് കമന്റ്; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഷൈജ ആണ്ടവന്‍

Update: 2024-02-13 05:18 GMT
കോഴിക്കോട്: ഗോഡ്‌സെയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട ഷൈജ ആണ്ടവന്‍ ഇന്ന് പോലിസിന് മുന്നില്‍ ഹാജരാകില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഷൈജ അറിയിച്ചു. മൂന്ന് ദിവസത്തേക്ക് സമയം നീട്ടി ചോദിച്ചിട്ടുണ്ട്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്നും അറിയിച്ചിട്ടുണ്ട്.

കുന്നമംഗലം പോലിസ് നേരത്തെ ഷൈജ ആണ്ടവന്റെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. ഷൈജ ആണ്ടവനെതിരെ കലാപ ആഹ്വാനത്തിന് കേസെടുത്തെങ്കിലും പോലിസ് നടപടി വൈകുന്നതില്‍ വിദ്യാര്‍ഥി യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിലായിരുന്നു പോലിസ് ചോദ്യം ചെയ്യല്‍. ഒരു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു.

കമന്റിട്ടത് താന്‍ തന്നെയെന്ന് ഷൈജ ആണ്ടവന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചില്ലെന്നാണ് ഇവരുടെ വാദം. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഷൈജ ആണ്ടവന്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ എന്‍ഐടി അധികൃതരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയില്‍ അഭിമാനിക്കുന്നുവെന്നായിരുന്നു ഷൈജ ആണ്ടവന്റെ വിവാദ കമന്റ്.






Tags:    

Similar News