അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം: കാലാവസ്ഥാ വ്യതിയാനം പുതിയ ലോകക്രമത്തെ രൂപപ്പെടുത്തുമെന്ന് ഡോ. ഉസാമ അല്‍ അബ്ദ്
പ്രകൃതിയിലെ ഏതൊരു ചെറിയ മാറ്റവും ലോകത്തെ എല്ലാ വിഭാഗം ജനങ്ങളെയും പ്രദേശങ്ങളെയും ഒരുപോലെ ബാധിക്കുന്ന വിധത്തില്‍ മനുഷ്യസമൂഹം കൂടുതല്‍ പരസ്പര ബന്ധിതമായി കൊണ്ടിരിക്കുകയാണ്.
മര്‍കസ് നോളജ് സിറ്റി: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ആഗോള രാഷ്ട്രീയ സമവാക്യങ്ങളെ പുതുക്കിപ്പണിയുമെന്നും പുതിയ ലോകക്രമം രൂപപ്പെടാന്‍ വഴിയൊരുക്കുമെന്നും ലീഗ് ഓഫ് അറബ് യൂനിവേഴ്‌സിറ്റീസ് മേധാവി ഡോ. സയ്യിദ് ഉസാമ മുഹമ്മദ് അല്‍ അബ്ദ്. അന്താരാഷ്ട്ര സര്‍വകലാശാല മേധാവികളുടെ കാലാവസ്ഥാ ഉച്ചകോടി മര്‍കസ് നോളജ് സിറ്റിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുപതാം നൂറ്റാണ്ട് വരെ ലോകം അനുഭവിച്ചതില്‍ നിന്നും വ്യത്യസ്തമായ ഘടനയിലുള്ള വെല്ലുവിളികള്‍ ആണ് ഇപ്പോള്‍ നാം നേരിടുന്നത്. പ്രകൃതിയിലെ ഏതൊരു ചെറിയ മാറ്റവും ലോകത്തെ എല്ലാ വിഭാഗം ജനങ്ങളെയും പ്രദേശങ്ങളെയും ഒരുപോലെ ബാധിക്കുന്ന വിധത്തില്‍ മനുഷ്യസമൂഹം കൂടുതല്‍ പരസ്പര ബന്ധിതമായി കൊണ്ടിരിക്കുകയാണ്. ജൈവ സമൂഹം എന്ന നിലയില്‍ മനുഷ്യന്‍ നേരിടുന്ന പ്രതിസന്ധികളുടെ ആഗോള വല്‍ക്കരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രാദേശിക ദേശീയതകളില്‍ നിന്നുകൊണ്ട് മാത്രം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക സാധ്യമല്ല. രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ വിപുലമായ കൂട്ടായ്മകള്‍ രൂപപ്പെട്ടു വരേണ്ടത്തിന്റെയും കൂടുതല്‍ വിപുലമായ ആഗോള കൂട്ടായ്മകള്‍ ശക്തിപ്പെടേണ്ടതിന്റെയും ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ സാംസ്‌കാരിക പൈതൃകവും വിഭവങ്ങളുമുള്ള ഇന്ത്യക്ക് ഇക്കാര്യത്തില്‍ നിര്‍ണായകമായ പങ്ക് നിര്‍ഹിക്കാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാവി തലമുറകള്‍ക്ക് വേണ്ടി വിഭവങ്ങള്‍ കരുതിവെക്കല്‍ മാനവരാശിയുടെ ഉത്തരവാദിത്വമാണ്. പ്രാദേശികവും ഭൂമി ശാസ്ത്രവുമായ സവിശേഷതകള്‍ തിരിച്ചറിഞ്ഞ് പരിസ്ഥിതി സംരക്ഷണത്തിന് കാര്യക്ഷമമായ നിയമ നിര്‍മാണങ്ങള്‍ ഉണ്ടാകണം. സര്‍വകലാശാലകള്‍ക്കും അക്കാദമിക സമൂഹത്തിനും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. അബ്ദുല്‍ ഹകിം അസ്ഹരി പ്രമേയം അവതരിപ്പിച്ച് ആമുഖപ്രഭാഷണം നടത്തി. രാജ്യത്തിന്റെ ഭൂമി ശാസ്ത്രപരവും ജനസംഖ്യാ പരവുമായ പ്രത്യേകതകള്‍, കാലാവസ്ഥാ വ്യതിയാനത്തെ ആഗോള തലത്തില്‍ നേരിടുന്നതില്‍ ഇന്ത്യക്ക് വഹിക്കാനുള്ള നേതൃപരമായ പങ്കാളിത്തത്തെയും ഉത്തരവാദിത്തത്തെയും വര്‍ധിപ്പിക്കുന്നുണ്ട്. ഈ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടാണ് അറബ് സര്‍വകലാശാലകളുടെ കൂട്ടായ്മ, ഉച്ചകോടിക്ക് വേണ്ടി ഇന്ത്യയെ തിരഞ്ഞെടുത്തത്. ഉച്ചകോടിയുടെ പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഡോ. അബ്ദുല്‍ ഹകിം അസ്ഹരി പറഞ്ഞു. ഉച്ചകോടിയുടെ മുഖ്യ രക്ഷാധികാരി ശൈഖ് അബൂബക്കര്‍ അഹമദിന്റെ സന്ദേശം ജാമിഅ മര്‍കസ് വൈസ് ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് വായിച്ചു. ഡോ. മുഹമ്മദ് വസ്സാം ഖിദ്ര്‍, ഡോ. മാഹിര്‍ ഖുദൈര്‍, പ്രൊഫ.ഡോ അബ്ദെല്‍ ഫത്താഹ് അല്‍ ബസം, മുഹമ്മദ് അബ്ദുറഹ്!മാന്‍ ഫൈസി, പ്രൊഫ. ഡോ. മുഹമ്മദ് സവാവി ബിന്‍ സെയിന്‍ എല്‍ അബിദിന്‍, അബ്ദുല്‍ ഹകീം ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ സെഷനുകളിലായി പതിനഞ്ചു പ്രബന്ധങ്ങള്‍ ആദ്യ ദിവസം അവതരിപ്പിക്കപ്പെട്ടു. നാല്പത് രാജ്യങ്ങളില്‍ നിന്നുള്ള വിവിധ സര്‍വകലാശാലകളില്‍ നിന്നായി ഇരുനൂറിലേറെ പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. നാളെ വൈകീട്ട് നടക്കുന്ന മലൈബാര്‍ ക്ലൈമറ്റ് ഡിക്ലറേഷനോടു കൂടെ ഉച്ചകോടിസമാപിക്കും.