കോഴിക്കോട് ജില്ലയില്‍ കണ്ടെയ്‌ന്മെന്റ്, ക്രിറ്റക്കല്‍ കണ്ടെയ്‌ന്മെന്റ് പ്രദേശങ്ങളില്‍ നിയന്ത്രണം ശക്തമാക്കി

Update: 2021-04-24 17:41 GMT

കോഴിക്കോട്: കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍, ക്രിറ്റിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ എന്നിവിടങ്ങളില്‍ സിആര്‍പിസി 144 പ്രകാരം ജില്ലാ കലക്ടര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഏപ്രില്‍ 5ന് 10.6 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഇപ്പോള്‍ 23 ശതമാനത്തിന് മുകളിലെത്തി നില്‍ക്കുകയാണ്. കൂടുതല്‍ രോഗവ്യാപനം തടയാനും പ്രതിസന്ധി ഉണ്ടാകാതിരിക്കാനുമുളള മുന്നൊരുക്കത്തിന്റെ ഭാഗമായി ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

    കണ്ടെയ്ന്‍മെന്റ് സോണില്‍ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നിര്‍വഹിക്കാം. ആരാധനാലയങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് അനുമതിയില്ല. അനുമതിയോടെ നടത്തുന്ന മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക കൂടിച്ചേരലുകളിലും അംഗസംഖ്യ 5 ആയി പരിമിതപ്പെടുത്തി. പഴം, പച്ചക്കറി, പലചരക്ക് കടകള്‍, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയൊഴികെയുളള സ്ഥാപനങ്ങള്‍ രാവിലെ 7 മുതല്‍ രാത്രി 7 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഹോട്ടലുകളില്‍ രാത്രി ഏഴ് മണി വരെ മാത്രമേ ഇരുത്തി ഭക്ഷണം നല്‍കാവൂ. രാത്രി 9 വരെ പാര്‍സല്‍ നല്‍കാം.

    ക്രിറ്റിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഒരു വിധത്തിലുള്ള കൂടിച്ചേരലും അനുവദിക്കില്ല. അത്യാവശ്യവും അടിയന്തിരവുമായ ആവശ്യങ്ങള്‍ക്കേ പുറത്തേക്ക് യാത്ര അനുവദിക്കൂ. ഭക്ഷ്യ വസ്തുക്കള്‍, മരുന്നുകള്‍ എന്നിവയുടെ കടകള്‍ക്കും ആശുപത്രികള്‍ക്കും മാത്രമേ തുറക്കാന്‍ അനുവാദമുള്ളൂ. ഇത്തരം കടകള്‍ രാത്രി ഏഴുവരെ തുറക്കാം. ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കരുത്. രാത്രി 9 വരെ പാര്‍സല്‍ നല്‍കാം. ക്രിറ്റിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ വേലി കെട്ടി അടയ്ക്കും. അകത്തേക്കും പുറത്തേക്കുമായി ഓരോ കവാടങ്ങളേ ഉണ്ടാവൂ.

    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25നു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇവിടങ്ങളില്‍ വിവാഹം ഉള്‍പ്പെടെ എല്ലാതരം ചടങ്ങുകളിലും അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല. ചടങ്ങുകള്‍ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ബന്ധപ്പെട്ട സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും ആര്‍ആര്‍ടിമാര്‍ക്കും വിവരം കൈമാറണം. ആരാധനാലയങ്ങളിലും അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല. മെഡിക്കല്‍ സ്‌റ്റോറുകള്‍, പലചരക്ക്, പഴം, പച്ചക്കറി കടകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ അവശ്യ വിഭാഗങ്ങള്‍ ഒഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളു.

    ഹോട്ടലുകളില്‍ രാത്രി ഏഴുവരെ മാത്രമേ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി ഉള്ളു. രാത്രി ഒമ്പത് വരെ പാര്‍സല്‍ സര്‍വീസ് അനുവദനീയം ആണ്. വ്യാപാര സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്നത് സെക്റ്റക്ടറല്‍ മജിസ്‌ട്രേറ്റുമാരും ആര്‍ആര്‍ടിമാരും പരിശോധിക്കും. പ്രോട്ടോകോള്‍ ലംഘനം കണ്ടാല്‍ രണ്ടു ദിവസം കട അടപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ആവശ്യമെന്നു തോന്നിയാല്‍ കൂടുതല്‍ ഗൗരവമായ നടപടികള്‍ കൈക്കൊള്ളും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെ ആകും വരെ ഈ പഞ്ചായത്തുകളില്‍ നിയന്ത്രണം തുടരും.

Kozhikode district, control has been strengthened in the cantonment and critical cantonment areas

Tags:    

Similar News