ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതി; കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അസി.പ്രഫസര്‍ക്കെതിരേ പീഡനക്കേസ്
കോഴിക്കോട്: ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അസി.പ്രഫസര്‍ക്കെതിരേ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ.ഹാരിസ് കോടമ്പുഴയ്‌ക്കെതിരേയാണ് തേഞ്ഞിപ്പലം പോലിസ് കേസെടുത്തത്. അധ്യാപകനെന്ന ബന്ധം മുതലെടുത്ത് ശാരീരികവും മാനസികവുമായ പീഡനം നടത്തിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള വിവിധ സംഭവങ്ങളാണ് പരാതിയിലുള്ളത്.
നേരിട്ടും ഫോണിലും വാട്‌സ് ആപ്പ് മുഖേനയും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഇടപെട്ടെന്നും പരാതിയിലുണ്ട്. പലപ്പോഴായി എതിരഭിപ്രായം അറിയിച്ചിട്ടും ചൂഷണം തുടര്‍ന്നതോടെയാണ് യൂനിവേഴ്‌സിറ്റി ആഭ്യന്തര പരാതി സമിതിക്ക് വിദ്യാര്‍ഥിനി പരാതി നല്‍കിയത്.
യൂനിവേഴ്‌സിറ്റിക്ക് വിദ്യാര്‍ഥിനി നല്‍കിയ പരാതി പൊലിസിന് കൈമാറുകയായിരുന്നു. യൂനിവേഴ്‌സിറ്റിയിലെയും നേരത്തെ അധ്യാപകന്‍ ജോലിചെയ്തിരുന്ന പിഎസ്എംഒ കോളജിലെയും വിദ്യാര്‍ഥിനികളും സമാനമായ അനുഭവം പങ്കുവച്ചതായും പരാതിയില്‍ പറയുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ് ഇന്ന് വിദ്യാര്‍ഥിനിയുടെ മൊഴിയും രേഖപ്പെടുത്തി. അധ്യാപകനെതിരേ ചട്ടപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് യൂനിവേഴ്‌സിറ്റിയും അറിയിച്ചിട്ടുണ്ട്.