പയ്യോളി: തിക്കോടി എഫ് സിഐയില്‍ നിന്നു മൂന്ന് വര്‍ഷത്തിന് ശേഷം മീനങ്ങാടിയിലേക്ക് ലോഡിങ് പുനരാരംഭിച്ചു. ആറ് ലോഡ് ഭക്ഷ്യധാന്യം തിക്കോടിയില്‍ നിന്നു കയറ്റിയയച്ചു. തിക്കോടിയില്‍ നിന്നുള്ള ലോറികളെ ഒഴിവാക്കി പകരം കരാറുകാരന്റെയും എഫ്‌സിഐ അധികൃതരുടെയും ഒത്താശയോടെ പുറത്ത് നിന്നും ലോറിക്കാരെ കൊണ്ടുവന്നതില്‍ തിക്കോടിയിലെ ലോറി ഉടമകള്‍ പ്രതിഷേധിച്ചു. തിക്കോടിയില്‍ നിന്നു മീനങ്ങാടിയിലേക്ക് കൊണ്ടുപോയ അരി മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉയരുകയും അന്വേഷണ ഭാഗമായി ജില്ലാ മാനേജര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് തിക്കോടിയില്‍ നിന്നു ലോഡിങ് നിര്‍ത്തലാക്കിയത്.
തിക്കോടിയില്‍ നിന്നു മീനങ്ങാടിയിലേക്കു കൊണ്ടുപോയ അരി മറിച്ചുവിറ്റത് പിടിക്കപ്പെട്ടതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ലോറിക്കാരാണെന്ന ആക്ഷേപമുള്ളതിനാലാണ് ഇവിടുത്തെ ലോറിക്കാരെ തഴയുന്നതെന്നാണ് ലോറിയുടമകള്‍ പറയുന്നത്.തിക്കോടി എഫ് സിഐയില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് ജില്ലാ കലക്ടരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വടകര ആര്‍ഡിഒയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. തിക്കോടിയില്‍ നിന്നും ലോഡെടുക്കുമ്പോള്‍ പ്രദേശത്തെ ലോറികള്‍ ഉപയോഗപ്പെടുത്തണമെന്നും അല്ലാത്തപക്ഷം സമര പരിപാടികളുമായി മുന്നോട്ടു വരേണ്ടിവരുമെന്നും തിക്കോടി ലോറി കോ-ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ എം അജിത്ത്, ശ്രീനിവാസന്‍ കോമത്ത്, കെ പി മോഹന്‍ ബാബു എന്നിവര്‍ പറഞ്ഞു.