പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച നൗഷാദിനെ എസ്ഡിപിഐ ആദരിച്ചു

പേരാക്കൂലിലെ കളോളി പറമ്പത്ത് ഹാഷിം-നജ്മ ദമ്പതികളുടെ മകളാണ് വെള്ളിയാഴ്ച രാവിലെ കിണറ്റില്‍ വീണത്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസിയായ നൗഷാദ് ഉടന്‍ തന്നെ കിണറ്റില്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

Update: 2021-10-24 02:14 GMT

ആയഞ്ചേരി: പൊന്മേരി പറമ്പിലെ പേരാക്കൂലില്‍ കഴിഞ്ഞ ദിവസം കിണറ്റില്‍ വീണ ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ സാഹസികമായി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നൗഷാദിനെ എസ്ഡിപിഐ കല്ലേരി ബ്രാഞ്ച് മൊമെന്റോ നല്‍കി ആദരിച്ചു.

പേരാക്കൂലിലെ കളോളി പറമ്പത്ത് ഹാഷിം-നജ്മ ദമ്പതികളുടെ മകളാണ് വെള്ളിയാഴ്ച രാവിലെ കിണറ്റില്‍ വീണത്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസിയായ നൗഷാദ് ഉടന്‍ തന്നെ കിണറ്റില്‍ ഇറങ്ങി വെള്ളത്തില്‍ നിന്നും പൊക്കിയെടുത്ത ശേഷം കിണറ്റില്‍ വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി. കരയ്ക്ക് എത്തിച്ച കുട്ടിയെ ഉടന്‍ വില്ല്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും കൊണ്ട് പോയി. നൗഷാദിന്റെ കൃത്യ സമയത്തുള്ള ഇടപെടലാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായത്. പ്രാഥമിക ശുശ്രൂഷ നല്‍കുന്നതില്‍ പരിശീലനം നേടിയ വ്യക്തിയാണ് നൗഷാദ്. ഇതിന് മുമ്പും ജോലി സ്ഥലത്ത് കുഴഞ്ഞു വീണ ആളെ കൃത്യസമയത്ത് സിപിആര്‍ നല്‍കി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. നാട്ടിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടാകുന്ന വ്യക്തിയാണ് നൗഷാദ്.

ചടങ്ങില്‍ ബ്രാഞ്ച് പ്രസിഡന്റ് നൗഷാദ് കെ.കെ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മെടിയേരി, റയീസ് വി എം സംബന്ധിച്ചു.

Tags:    

Similar News