മാവൂരിലെ ഗ്രാസിം ഭൂമിയില്‍ പുതിയ വ്യവസായങ്ങള്‍ തുടങ്ങണമെന്ന ആവശ്യം ശക്തം

400 ഏക്കറില്‍ പരന്നുകിടക്കുന്ന ഗ്രാസിം ഭൂമി ഇരുപത് വര്‍ഷത്തോളമായി തരിശായിക്കിടക്കുകയാണ്. കേരളത്തിന്റെ വ്യാവസായികമേഖലയ്ക്ക് ഉപകാരപ്പെടേണ്ട സ്ഥലം ഒരു ഉപകാരവുമില്ലാതെ പുരാവസ്തു അവശേഷിപ്പ് മാത്രമായി നിലനില്‍ക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Update: 2019-12-03 10:13 GMT

കോഴിക്കോട്: പരിസ്ഥിതിമലിനീകരണത്തെത്തുടര്‍ന്ന് 2001ല്‍ അടച്ചുപൂട്ടിയ മാവൂരിലെ ഗ്രാസിം ഫാക്ടറി നിലനിന്നിരുന്ന ഭൂമിയില്‍ പുതിയ വ്യവസായങ്ങള്‍ തുടങ്ങണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. കമ്പനിക്കായി സര്‍ക്കാര്‍, ബിര്‍ള ഗ്രൂപ്പിന് ഏറ്റെടുത്തുകൊടുത്തിരുന്നതും പ്രദേശത്തെ ജനങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിയതുമായ ഹെക്ടര്‍ കണക്കിന് ഭൂമി തരിശായി കിടക്കുകയാണെന്നും ഇതില്‍ പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായസ്ഥാപനങ്ങള്‍ തുടങ്ങണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. 19 വര്‍ഷമായി തരിശായി കിടക്കുന്ന ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഐടി മേഖലയില്‍ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് ജസ്ബാത്ത് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എംഎല്‍എ  ടി വി ഇബ്രാഹിം അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

400 ഏക്കറില്‍ പരന്നുകിടക്കുന്ന ഗ്രാസിം ഭൂമി ഇരുപത് വര്‍ഷത്തോളമായി തരിശായിക്കിടക്കുകയാണ്. കേരളത്തിന്റെ വ്യാവസായികമേഖലയ്ക്ക് ഉപകാരപ്പെടേണ്ട സ്ഥലം ഒരു ഉപകാരവുമില്ലാതെ പുരാവസ്തു അവശേഷിപ്പ് മാത്രമായി നിലനില്‍ക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാറി മാറിവരുന്ന സര്‍ക്കാരുകള്‍ നാട്ടുകാരെ കബളിപ്പിക്കുകയായിരുന്നുവെന്നും യഥാര്‍ഥത്തില്‍ ഈ ഭൂമി ഇപ്പോഴും ബിര്‍ള ഗ്രൂപ്പിന്റെ കൈവശം തന്നെയാണോ എന്ന സംശയവുമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. ഐടി മേഖലയിലെ സേവനങ്ങള്‍ വന്നുകഴിഞ്ഞാല്‍ അഞ്ഞൂറോളം പേര്‍ക്ക് പ്രത്യക്ഷമായും അത്രതന്നെ പേര്‍ക്ക് പരോക്ഷമായും ജോലിലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നത്.

Tags:    

Similar News