കോഴിക്കോട് നഗരത്തിലെ ശൗചാലയങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കണം: മനുഷ്യാവകാശ കമ്മീഷന്‍
ശൗചാലയങ്ങള്‍ വ്യത്തികേടാക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ സിറ്റി പോലിസ് കമ്മീഷണര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവില്‍ ആവശ്യപ്പെട്ടു.
കോഴിക്കോട്: നഗരത്തിലെ എല്ലാ ശൗചാലയങ്ങളും പ്രവര്‍ത്തനക്ഷമമാക്കി പരിപാലിക്കുന്നതിന് നഗരസഭയും ജില്ലാ ഭരണകൂടവും സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ശൗചാലയങ്ങള്‍ വ്യത്തികേടാക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ സിറ്റി പോലിസ് കമ്മീഷണര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവില്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് നഗരസഭാ പരിധിയില്‍ സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലെന്നാരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ആവശ്യമായ ശുചിമുറി സൗകര്യം ഒരുക്കണമെന്ന് 2018 ഒക്ടോബര്‍ 22 ന് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ലെന്നാരോപിച്ച് പരാതിക്കാരനായ എ സി ഫ്രാന്‍സിസ് വീണ്ടും കമ്മീഷനെ സമീപിക്കുകയായിരുന്നു.
2018ലെ ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ ഹാജരാക്കാന്‍ കമ്മീഷന്‍ ജില്ലാ കലക്ടര്‍ക്കും കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കും നോട്ടിസയച്ചു. ജില്ലാ കലക്ടര്‍ മാത്രം റിപോര്‍ട്ട് ഹാജരാക്കി. തുടര്‍ന്ന് നഗരസഭാ സെക്രട്ടറിയെയും ഹെല്‍ത്ത് ഓഫിസറെയും ഇക്കഴിഞ്ഞ ആഗസ്ത് ആറിന് കോഴിക്കോട് നടന്ന സിറ്റിങില്‍ കമ്മീഷന്‍ വിളിച്ചു വരുത്തി.
പാളയം ബസ് സ്റ്റാന്റില്‍ 10 ശൗചാലയങ്ങളും 4 കുളിമുറികളും 7 മൂത്രപ്പുരകളും സജ്ജമാക്കിയതായി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ 10 പൊതു ശൗചാലയങ്ങളും 9 കുളി മുറികളും 23 മൂത്രപ്പുരകളും പ്രവര്‍ത്തിക്കുന്നുണ്ട്. കോവൂര്‍ മത്സ്യച്ചന്തക്ക് സമീപം 3 ശൗചാലയങ്ങളും 3 മൂത്രപ്പുരകളും ടാഗോര്‍ ഹാളില്‍ 12 ശൗചാലയങ്ങളും 16 മൂത്രപ്പുരകളും നവീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌റ്റേഡിയത്തില്‍ 5 ശൗചാലയങ്ങളും ബേപ്പൂര്‍, എലത്തൂര്‍, ചെറുവണ്ണൂര്‍ എന്നിവിടങ്ങളില്‍ 7,9,5 ശൗചാലയങ്ങളും നിര്‍മിക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. നഗരത്തിലെ ശൗചാലയങ്ങളില്‍ രാത്രികാലങ്ങളില്‍ മദ്യപന്‍മാര്‍ മദ്യകുപ്പികള്‍ നിക്ഷേപിച്ച് വ്യത്തികേടാക്കുന്നതായി പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. ജില്ലാ കലക്ടര്‍ക്കും സിറ്റി പോലിസ് കമ്മീഷണര്‍ക്കും നഗരസഭാ സെക്രട്ടറിക്കും ഉത്തരവ് കൈമാറി.