താമരശ്ശേരി ചുരത്തിലെ ഗതാഗത തടസ്സം; യാത്രക്കാര്‍ ഭക്ഷണവും വെള്ളവും കൈയില്‍ കരുതണം

Update: 2023-10-23 04:01 GMT

വയനാട്: അവധിക്കാലമായതിനാല്‍ ആളുകള്‍ കൂട്ടത്തോടെ വയനാട്ടിലേക്ക് ചുരം കയറുകയാണ്. ഇതോടെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് താമരശ്ശേരി ചുരം. ദസറയ്ക്ക് മൈസൂരു പോകാന്‍ ഉള്ളവരും ഏറെ. രാത്രിയാത്ര നിരോധനം കഴിഞ്ഞ് മൂലഹള്ള ചെക്ക്‌പോസ്റ്റ് 6 മണിക്ക് തുറന്നതോടെ, കൂടുതല്‍ വാഹനങ്ങള്‍ ചുരത്തിലേക്ക് എത്തും.ചിപ്പിലിത്തോട് മുതല്‍ മുകളിലേക്കാണ് കൂടുതലായി ഗതാഗത തടസ്സം നേരിടുന്നത്. കുരുക്ക് ഇനിയും കൂടാനാണ് സാധ്യത. യാത്രക്കാര്‍ ഭക്ഷണവും വെള്ളവും കൈയില്‍ കരുതണമെന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു. വാഹന ബാഹുല്യം ആണ് നിലവിലെ പ്രശ്‌നം.ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ ഗതാഗത തടസം വൈകിട്ടോടെ രൂക്ഷമായി. രാവിലെ ലോറിയും ബസും കൂട്ടിയിടിച്ച് എട്ടാം വളവില്‍ അപകടം കൂടി ഉണ്ടായതോടെ ഗതാഗത കുരുക്ക് മുറുകി. ചുരം സംരക്ഷണ സമിതിയും പൊലീസും ചേര്‍ന്ന് കുരുക്കഴിക്കാന്‍ കഠിന ശ്രമം നടത്തി.

ഇന്നലെ വൈകുന്നേരം 3.30ന് ലക്കിടിയില്‍ എത്തിയവര്‍ക്ക്, രാത്രി ഏഴ് മണിയായിട്ടും അവിടെ നിന്ന് മുന്നോട്ട് നീങ്ങാനായില്ലായിരുന്നു. ചുണ്ടയില്‍ മുതല്‍ കൈതപൊയില്‍ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.




Tags:    

Similar News