ഒരു വയസ്സുള്ള മകനെ കിണറ്റിലെറിഞ്ഞുകൊന്ന യുവതി അറസ്റ്റില്‍

Update: 2019-11-03 05:27 GMT

കോഴിക്കോട്: ചേളന്നൂരില്‍ ഒരു വയസ് പ്രായമുള്ള മകനെ കിണറ്റിലെറിഞ്ഞു കൊന്ന യുവതി അറസ്റ്റില്‍. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി ധനലക്ഷ്മിയെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. വളയനംകണ്ടി റോഡില്‍ കാവുംപുറത്ത് വാടകക്ക് താമസിക്കുകയാണ് യുവതി

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ധനലക്ഷ്മി മകന്‍ റിഷിധിനെ വീട്ടുമുറ്റത്തെ പതിനഞ്ചടിയോളം വെള്ളമുള്ള കിണറ്റിലെറിഞ്ഞു കൊന്നത്. ധനലക്ഷ്മി തന്നെയാണ് കുട്ടി കിണറിലുണ്ടെന്ന് പറഞ്ഞ് ആദ്യം നിലവിളിച്ചത്. പര്‍ദയിട്ട രണ്ട് പേര് വന്ന് തന്നെ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം തന്റെ സ്വര്‍ണം തട്ടിയെടുത്ത് കുട്ടിയെ കിണറ്റിലെറിഞ്ഞെന്നുമാണ് യുവതി നാട്ടുകാരോട് പറഞ്ഞത്.

നാട്ടുകാരിലൊരാള്‍ കിണറിലിറങ്ങി കുഞ്ഞിനെ എടുക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. പിന്നീടയ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ധനലക്ഷ്മിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. ഭര്‍ത്താവ് പ്രവീണും പ്രവീണിന്റെ മാതാപിതാക്കള്‍ക്കുമൊപ്പമാണ് യുവതി ഇവിടെ താമസിക്കുന്നത്. 


Similar News