മലപ്പുറം: വീട്ടമ്മ രചിച്ച 'പെയ്‌തൊഴിഞ്ഞ മഴ' പുറത്തിറങ്ങി. സ്ത്രീകളുടെ ആത്മനൊമ്പരങ്ങളും പ്രതീക്ഷകളും മുന്നേറ്റവും പ്രമേയമാക്കിയ പുസ്തകം സിനിമാതാരവും ആക്ടിവിസ്റ്റുമായ കബനി ഹരിദാസ് പ്രകാശനം ചെയ്തു. മലപ്പുറം മേല്‍മുറി സ്വദേശി കെ ബേബി സല്‍മാന്‍ എഴുതിയ ലഘുനോവലാണ് മലപ്പുറം പ്രസ്‌ക്ലബ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കബനി ഹരിദാസ് പ്രകാശനം ചെയ്തത്. ചടങ്ങില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക് പുസ്തകം ഏറ്റുവാങ്ങി. പ്രസ്‌ക്ലബ് ട്രഷറര്‍ സി വി രാജീവ് അധ്യക്ഷത വഹിച്ചു.
കെ ബേബി സല്‍മാന്‍ മറുപടി പ്രസംഗം നടത്തി നന്ദി രേഖപ്പെടുത്തി. മാധ്യമപ്രവര്‍ത്തകന്‍ കെ പ്രവീണ്‍കുമാര്‍ സംസാരിട്ടു. എട്ടാം ക്ലാസ് വരെ മാത്രം പ്രാഥമിക വിദ്യാഭ്യാസമുള്ള മലപ്പുറം മേല്‍മുറി സ്വദേശി പുള്ളിയില്‍ വീട്ടില്‍ കൈനിക്കര കുഞ്ഞാലിയുടെയും ലൈയുടെയും മകളായ ബേബി സല്‍മാന്‍ തന്റെ അനുഭവ മണ്ഡലങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട ഊര്‍ജം ഉപയോഗിച്ചാണ് തന്റെ സ്വതസിദ്ധമായ ഭാഷയില്‍ പ്രമേയ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗ്രീന്‍ ബുക്‌സാണ് പ്രസാധകര്‍. മൂന്നുമക്കളുടെ മാതാവായ വീട്ടമ്മയെന്ന നിലയില്‍ ഒതുങ്ങിക്കൂടലിന് വിധേയയാവാതെ എഴുത്തിലും ഫാഷന്‍ ഡിസൈനിങ്ങിലും ചിത്രരചനയിലും കേക്ക് നിര്‍മാണത്തിലും പാഴ് വസ്തുക്കളില്‍നിന്ന് കരകൗശല വസ്തുക്കളുണ്ടാക്കുന്നതിലും സജീവമാണ് ബേബി സല്‍മാന്‍.
പ്രവാസിയായ സല്‍മാന്‍ ഹാരിസിന്റെ ഭാര്യയാണ്. ഷനാന്‍ ആഷിഖ്, എബി ഷാദില്‍, സിയ എന്നിവരാണ് മക്കള്‍. അവങ്കര ഹൈസ്‌കൂളില്‍ എട്ടാം തരം വരെ പഠിച്ച തനിക്ക് എഴുതാന്‍ പ്രചോദനം നല്‍കിയത് ഭര്‍തൃമാതാവ് ഖദീജയും കുടുംബാംഗങ്ങളുമാണെന്ന് ബേബി സല്‍മ പറഞ്ഞു. പുസ്തകം പ്രകാശനം ചെയ്ത കബനി ഹരിദാസ് പാലേരി മാണിക്യം മുതലുള്ള സിനിമകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലെ പ്രധാനകഥാപാത്രത്തെ കൈകാര്യം ചെയ്യുന്നതും കബനി ഹരിദാസാണ്. അസംഘടിത സ്ത്രീകളുടെ കൂട്ടായ്മയായ പെണ്‍കൂട്ടിലെ സജീവ അംഗമാണ്. വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് ഇരുന്ന് ജോലിചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയാണിദ്ദേഹം.