ഇസ്‌ലാമിന്റെ സാര്‍വലൗകികതയാണ് അസഹ്ഷ്ണുതയ്ക്ക് കാരണം: എ നജീബ് മൗലവി

Update: 2022-06-11 16:20 GMT

മലപ്പുറം: അറേബ്യന്‍ ഭൂഖണ്ഡത്തിന്റെ ഏതാനും പ്രദേശങ്ങളിലിരുന്ന് സന്ദേശങ്ങള്‍ പകര്‍ന്ന മുഹമ്മദ് നബിയുടെ മതപാഠങ്ങള്‍ ലോകത്താകമാനം വികസിക്കാനും വിവിധ രാജ്യങ്ങളിലെ ജനതകള്‍ പിന്തുടരാനും കാരണമായതിലെ അസഹ്യതയാണ് ചിലര്‍ ഇസ്‌ലാമിനെയും മുഹമ്മദ് നബിയെയും വിമര്‍ശിക്കുന്നതെന്ന് കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി പ്രസ്താവിച്ചു. ജീവിത വിശുദ്ധികൊണ്ട് ലോകത്തെ അതിശയിപ്പിച്ച ഇസ്‌ലാമിന്റെ മഹാപണ്ഡിതന്‍മാരാണ് ഇസ്‌ലാം വ്യാപിപ്പിക്കുന്നതില്‍ കാരണക്കാരായത്.

അക്കൂട്ടത്തിലെ ഉന്നത പണ്ഡിതരായിരുന്നു ശൈഖുല്‍ ഉലമാ എന്‍ കെ ഉസ്താദെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും കേരള ഉലമാ നിരയിലെ മഹാഗുരുവുമായിരുന്ന ശൈഖുല്‍ ഉലമാ എന്‍ കെ മുഹമ്മദ് മൗലവിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ സി കെ മുഹമ്മദ് അസ്ഗര്‍ മൗലവി ഉദ്ഘാടനം ചെയ്തു.

കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കിടങ്ങഴി യു അബ്ദുറഹിം മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. കേരള സുന്നി ജമാഅത്ത് പ്രസിഡന്റ് സയ്യിദ് അശ്‌റഫ് ബാഹസന്‍ തങ്ങള്‍, എസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍, സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍, പരപ്പനങ്ങാടി ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സി എച്ച് അബ്ദുറഹ്മാന്‍ മൗലവി വറ്റലൂര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ ഹുസൈന്‍, അബൂറബീഹ് ബാഖവി തിരുവനന്തപുരം, ഇര്‍ശാദ് മൗലവി കടുവയില്‍, ഇ എം അബൂബക്കര്‍ മുസ്‌ല്യാര്‍ ചെരക്കാപറമ്പ്, ഇ പി അശ്‌റഫ് ബാഖവി, പി അലി അക്ബര്‍ മൗലവി, എ എന്‍ സിറാജുദ്ദീന്‍ മൗലവി സംസാരിച്ചു. രാവിലെ മഖാം സിയാറത്തിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News