ജെന്‍ഡര്‍ ന്യൂട്രാലിറ്റി: വിദ്യാലയങ്ങളിലൂടെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കണം- വിസ്ഡം സ്റ്റുഡന്‍സ്

ഇതേ മാതൃകയില്‍ ശ്രമങ്ങള്‍ നടന്ന പാശ്ചാത്യന്‍ നാടുകളില്‍ ജെന്‍ഡര്‍ ഡിസ്‌ഫോറിയയിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പഠനം നടത്തണം.

Update: 2022-07-28 13:12 GMT

തിരൂര്‍: ജെന്‍ഡര്‍ ന്യൂട്രാലിറ്റി ആശയങ്ങള്‍ സ്‌കൂള്‍ കരിക്കുലത്തില്‍ ചേര്‍ത്ത് വിദ്യാര്‍ഥികളിലേക്ക് അത്തരം ബോധങ്ങളെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി വളവന്നൂര്‍ എമറാള്‍ഡ് പാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ടീന്‍സ്‌പേസ് ജില്ലാ സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനം അഭിപ്രായപ്പെട്ടു.

ഇതേ മാതൃകയില്‍ ശ്രമങ്ങള്‍ നടന്ന പാശ്ചാത്യന്‍ നാടുകളില്‍ ജെന്‍ഡര്‍ ഡിസ്‌ഫോറിയയിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പഠനം നടത്തണം. ജെന്‍ഡര്‍ പൊളിറ്റിക്‌സിലെ ചതിക്കുഴികള്‍ തിരിച്ചറിയാതെ ചില തത്പര കക്ഷികളുടെ അജണ്ടകള്‍ക്ക് വഴങ്ങി കൊടുക്കുന്ന സ്ഥിതി വിശേഷം ഒട്ടും ഭൂഷണമല്ല. ഇത്തരത്തിലുള്ള ഒളിയജണ്ടകള്‍ കേരളീയ പൊതു സമൂഹത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത അനുവദിച്ച് നല്‍കാനാവില്ലെന്നും സമ്മേളന പ്രമേയം കൂട്ടിച്ചേര്‍ത്തു.

കുറുക്കോളി മൊയ്തീന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അസ്ഹര്‍ ചാലിശ്ശേരി ഉദ്ഘാടന സെഷനില്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നിയാസ് കക്കാട് അദ്ധ്യക്ഷത വഹിച്ചു. വിസ്ഡം ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കല്‍, ജോയിന്റ് സെക്രട്ടറി അബ്ദുല്‍ കരീം മാസ്റ്റര്‍, വൈസ് പ്രസിഡന്റ് ഡോ. ഷാനവാസ് സുല്ലമി പറവണ്ണ, നൂറുദ്ദീന്‍ താനാളൂര്‍, അബ്ദുസ്സമദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വ്യത്യസ്ത പഠന സെഷനുകളിലായി മുജാഹിദ് ബാലുശ്ശേരി, ഡോ. അബ്ദുല്ല ബാസില്‍, അര്‍ഷദ് അല്‍ ഹികമി താനൂര്‍, ഹാരിസ് മദനി കായക്കൊടി, മുഹമ്മദ് സ്വാദിഖ് മദീനി, നൂറുദ്ദീന്‍ സ്വലാഹി, താജുദ്ദീന്‍ സ്വലാഹി, ഡോ. മുബഷിര്‍, ഡോ. അര്‍ഷദ്, മുഷ്താഖ് അല്‍ ഹികമി, ഫസീഹ് പി ഒ തിരൂരങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News