കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അന്തര്‍ജില്ലാ കവര്‍ച്ചാ സംഘം പിടിയില്‍

Update: 2022-02-08 14:05 GMT

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കവര്‍ന്ന അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിലെ നാലുപേര്‍ പിടിയിലായി. മലപ്പുറം കോഡൂര്‍ താണിക്കല്‍ സ്വദേശി അമിയാന്‍ വീട്ടില്‍ ഷംനാദ് ബാവ എന്ന കരിബാവ (26), തിരൂര്‍ നിറമരുതൂര്‍ സ്വദേശി അരങ്ങത്തില്‍ ഫവാസ് (26), താനാളൂര്‍ കമ്പനിപ്പടി സ്വദേശി പള്ളിയാളിത്തൊടി മുഹമ്മദ് യഹിയ (26), പാലക്കാട് ഒറ്റപ്പാലം ചാത്തന്‍ പിലാക്കല്‍ സല്‍മാന്‍ ഫാരിസ് (24) എന്നിവരേയാണ് പ്രത്യേക അന്വേഷണസംഘം പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍നിന്നായി പിടികൂടിയത്. ഇവര്‍ വന്ന ആഡംബര വാഹനവും പിടിച്ചെടുത്തു.

കേസുമായി ബന്ധപ്പെട്ട് രണ്ട് കൊടുവള്ളി സ്വദേശികളെയും രണ്ടാഴ്ച മുമ്പ് അറസ്റ്റുചെയ്തിരുന്നു. സ്വര്‍ണം അനധികൃതമായി കടത്തിയതിന് കസ്റ്റംസും കേസെടുത്തിട്ടുണ്ട്. 1.5 കിലോ സ്വര്‍ണമാണ് ഇവരില്‍നിന്നും പിടിച്ചെടുത്തത്. പിടികൂടിയ ഷംനാദ് ബാവയുടെ പേരില്‍ മണല്‍ക്കടത്ത് തടയാനെത്തിയ പോലിസുകാരെ ആക്രമിക്കല്‍, വ്യാജസ്വര്‍ണം പണയം വയ്ക്കല്‍, അനധികൃത മണല്‍ക്കടത്ത് ഉള്‍പ്പെടെ 10 ഓളം കേസിലെ പ്രതിയാണ്. സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്തതുള്‍പ്പെടെ നിരവധി കവര്‍ച്ചാ കേസിലെ പ്രതിയാണ് പിടിയിലായ സല്‍മാന്‍ ഫാരിസ്.

കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത്ത് ദാസിന്റ മേല്‍നോട്ടത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി അഷ്‌റഫ്, കരിപ്പൂര്‍ ഇന്‍സ്പക്ടര്‍ ഷിബു, കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘാംഗങ്ങളായ സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, അസീസ്, പ്രമോദ്, ഉണ്ണികൃഷ്ണന്‍, പി സഞ്ജീവ്, രതീഷ്, കൃഷ്ണകുമാര്‍, മനോജ്, ഹമീദലി, അരുണ്‍, സിയാദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News