മലപ്പുറം: 'മലബാര്‍ സമരപോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം' എന്ന തലക്കെട്ടില്‍ മലബാര്‍ സമരാനുസ്മരണ സമിതി നടത്തുന്ന സമരാനുസ്മരണ യാത്ര ജില്ലയിലെ പര്യടനം രാവിലെ വെളിയംകോടുനിന്ന് ആരംഭിച്ചു. പൊന്നാനി, നറിപരമ്പ്, ചങ്ങരംകുളം, വളാഞ്ചേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. പരിപാടിയില്‍ കോ- ഓഡിനേറ്റര്‍ ടി മുജീബ് റഹ്മാന്‍ പ്രഭാഷണം നടത്തി. 'ലോകശ്രദ്ധയാകര്‍ഷിച്ച മലബാര്‍ വിപ്ലവത്തിന് ഒരു നൂറ്റാണ്ട് തികയുമ്പോള്‍ സമരപോരാട്ടവും സമരനായകരും ജനഹൃദയങ്ങളില്‍ ആവേശമായി ഇന്നും നിലകൊള്ളുന്നു.
മറുഭാഗത്ത് ജനനായകരെ ഇകഴ്ത്തിക്കൊണ്ട് ചരിത്രസംഭവങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാരം. ഈ വിപ്ലവത്തെ മലബാര്‍ കലാപമെന്ന് മുദ്രകുത്തുന്നതും കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍നിന്ന് മാപ്പിള രക്തസാക്ഷികളെ നീക്കം ചെയ്തതും അതിന്റെ ഭാഗമാണ്'- അദ്ദേഹം പറഞ്ഞു.
അതിജീവന കലാസംഘം അവതരിപ്പിക്കുന്ന തെരുവുനാടകവും മലബാര്‍ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭ്യമാക്കിയ പുസ്തക വണ്ടിയും സമരസ്മരണകളുണര്‍ത്തുന്ന പാട്ടുവണ്ടിയും യാത്രയില്‍ അണിനിരന്നു. പരിപാടിക്ക് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ടി മുജീബ് റഹ്മാന്‍, മുനീര്‍ ചുങ്കപ്പാറ, ഹസനുല്‍ ബെന്ന, ഷാനിഫ് എന്നിവര്‍ നേതൃത്വം നല്‍കി. യാത്ര നവംബര്‍ 25ന് തിരുവനന്തപുരത്ത് സമാപിക്കും.