ദേശീയ പണിമുടക്കിനോട് ഐക്യപ്പെട്ട് ജില്ലയും

ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് ദേശീയപണിമുടക്ക് നടത്തുന്നത്.

Update: 2020-01-08 11:28 GMT

പെരിന്തല്‍മണ്ണ: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ട്രേഡ് യൂനിയനുകള്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയില്‍ ബന്തായി. ജില്ലയില്‍ അടക്കം സംസ്ഥാനത്ത് മുഴുവന്‍ പണിമുടക്ക് ഹര്‍ത്താലിന്റെ പ്രതീതിയാണുണര്‍ത്തുന്നത്. ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് ദേശീയപണിമുടക്ക് നടത്തുന്നത്. പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കേരളത്തില്‍ ഓട്ടോ, ടാക്‌സി, മോട്ടോര്‍ വാഹന തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ് ജീവനക്കാരും പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാരും കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവരും പണിമുടക്കുന്നുണ്ട്.

കുറഞ്ഞ കൂലി പ്രതിമാസം 21,000 രൂപയാക്കുക, പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ തൊഴിലാളിവിരുദ്ധമായി ഭേദഗതി ചെയ്യുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ക്കൊപ്പം പൗരത്വനിയമഭേദഗതിക്കെതിരെയും തൊഴിലാളികള്‍ ഇന്ന് പ്രതിഷേധിക്കുന്നുണ്ട്. പ്രതിഷേധസൂചകമായി വിവിധ ഇടങ്ങളില്‍ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. പെരിന്തല്‍മണ്ണയില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. കടകളൊന്നും തുറന്നില്ല. വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. സംയുക്ത തൊഴിലാളി സംഘടന നഗരത്തില്‍ പ്രകടനം നടത്തി. പാല്‍, പത്രം, ആശുപത്രികള്‍, ശബരിമല തീര്‍ഥാടനം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags:    

Similar News