നിലമ്പൂരില്‍ ആയിരത്തോളം പേരെ രക്ഷപ്പെടുത്തി; ജില്ലാ ആശുപത്രിയിലും വെള്ളം കയറി
മലപ്പുറം ജില്ലയിലെ 7ഫയര്‍ സ്‌റ്റേഷനുകള്‍ കൂടാതെ, തൃശൂര്‍ ജില്ലയിലെ 3സ്‌റ്റേഷനുകള്‍, പാലക്കാട് ജില്ലയിലെ 2സ്‌റ്റേഷനുകള്‍ എന്നിവ സംയുക്തമായാണ് നിലമ്പൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
മലപ്പുറം: കനത്ത മഴയില്‍ പ്രളയദുരിതം നേരിടുന്ന നിലമ്പൂരില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മലപ്പുറം ജില്ലയിലെ 7ഫയര്‍ സ്‌റ്റേഷനുകള്‍ കൂടാതെ, തൃശൂര്‍ ജില്ലയിലെ 3സ്‌റ്റേഷനുകള്‍, പാലക്കാട് ജില്ലയിലെ 2സ്‌റ്റേഷനുകള്‍ എന്നിവ സംയുക്തമായാണ് നിലമ്പൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. വൈകുന്നേരം 7മണിവരെയായി 920 പേരെ ഫയര്‍ സര്‍വീസ് രക്ഷപ്പെടുത്തി. 7റബ്ബര്‍ ഡിങ്കിയും ഔട്‌ബോര്‍ഡ് എന്‍ജിനുകളും 4സ്‌ക്യൂബാ വാനുകള്‍, 4 ആംബുലന്‍സുകള്‍, 10 അഗ്‌നിശമന വാഹനങ്ങള്‍, 2ടിപ്പര്‍ ലോറികള്‍ എന്നിവയുമായാണ് രക്ഷാപ്രവര്‍ത്തനം.
നെടുങ്കയം, എടക്കര നിലമ്പൂര്‍ ടൗണ്‍, മൈലാടി, ചുങ്കത്തറ, മൂത്തേടം തുടങ്ങിയ 21 സ്ഥലങ്ങളില്‍ നിന്നാണ് 7 മണിവരെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. നിലമ്പൂരിലും പരിസരപ്രദേശ്‌നങ്ങളായ നാടുകാണി, എടക്കര, ചുങ്കത്തറ, ആഢ്യന്‍പാറ, മുണ്ടേരി, കരുളായി, പോത്തു കല്ല്, മമ്പാട്, എടവണ്ണ, അരീക്കോട്, എടവണ്ണപ്പാറ, വാഴക്കാട്, വാഴയൂര്‍ എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കനത്ത മഴയില്‍ ജലവിതാനം ക്രമാതീതമായി ഉയരുകയാണ്. പോത്തു കല്ല്, ചാലിയാര്‍, വഴിക്കടവ് പഞ്ചായത്തുകള്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തേക്കാളും രൂക്ഷമാണ് സ്ഥിതിഗതികള്‍.
കരുളായി വനമേഖലയില്‍ അര്‍ധരാത്രി ഉണ്ടായ ഉരുള്‍പാട്ടലിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഏറ്റവും മികച്ച രീതിയിലുള്ള രക്ഷാപ്രവര്‍ത്തനമാണ് ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരായ ഇആര്‍ എഫ്, ട്രോമകെയര്‍ എന്നിവരും ചേര്‍ന്ന് നടത്തിയത്. ഗര്‍ഭിണിയായ സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും രോഗബാധിതരായി കിടക്കയില്‍ കിടക്കുന്ന രോഗികളുള്‍പ്പെടെയുള്ളവരെ റബ്ബര്‍ ഡിങ്കിയില്‍ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചു.
റീജ്യനല്‍ ഫയര്‍ ഓഫിസര്‍ വി സിദ്ധകുമാര്‍, ജില്ലാ ഫയര്‍ ഓഫിസര്‍ മൂസ വടക്കേതില്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു ജില്ലകളില്‍ നിന്നായി 12 ഓഫീസര്‍മാരും 96 അഗ്‌നിരക്ഷാ സേനാംഗങ്ങളുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്.
അതേ സമയം, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ കീമോ വാര്‍ഡ്, സ്‌ട്രോക്ക് വാര്‍ഡ് ,പാലിയേറ്റീവ് വാര്‍ഡുകളില്‍ വെള്ളം കയറി. ട്രോമാകെയര്‍ യൂണിറ്റ് പ്രവര്‍ത്തകരും മറ്റും ചേര്‍ന്ന് രോഗികളെ മാറ്റുകയാണ്. പുതുക്കി പണിത വാര്‍ഡുകളിലാണ് വെള്ളം കയറിയത്.