ഭൂരഹിത കേരളം പദ്ധതിയില്‍ നിന്ന് നിര്‍ധന കുടുംബത്തെ ഒഴിവാക്കിയെന്ന് ആരോപണം

Update: 2020-07-28 14:17 GMT

കാളികാവ്: ചോക്കാട് ഗ്രാമപ്പഞ്ചായത്തിലെ വള്ളിപ്പൂളയിലെ നിര്‍ധന കുടുംബത്തെ ഭൂരഹിതര്‍ക്കു ഭൂമി നല്‍കുന്ന പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. കിഴക്കേക്കര സുലൈഖയെയാണ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത്. ഭിന്നശേശിക്കാരനായ ഭര്‍ത്താവും 70 ശതമാനം മാനസിക വൈകല്ല്യങ്ങളുമുള്ള ഒരു പെണ്‍കുട്ടിയുള്‍പ്പെടെ മൂന്ന് കുട്ടികളുടെ മാതാവാണ് സുലൈഖ. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപ്പഞ്ചായത്തുകള്‍ മുഖേന നടപ്പാക്കുന്ന പദ്ധയില്‍ നിന്നാണ് ഇവരെ ഒഴിവാക്കിയത്. ഗ്രാമപ്പഞ്ചായത്തില്‍ ആറ് പേരാണ് ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നത്. നാല് സെന്റ് സ്ഥലമെങ്കിലും വാങ്ങാന്‍ രണ്ട് ലക്ഷത്തോളം രൂപ നല്‍കുന്നതാണ് പദ്ധതി. സംസ്ഥാന സര്‍ക്കാറിന്റെ ഭൂരഹിത, ഭവന രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങുന്നതിന് പണം നല്‍കുന്നത്. കളികാവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലായാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയില്‍ നിന്നാണ് അവസാന നിമിഷം ഈ കുടുംബത്തെ പുറത്താക്കിയത്. ബ്ലോക്ക് പഞ്ചായത്തിലെ നിരവധി പേര്‍ക്ക് പദ്ധതിയില്‍ ആനുകൂല്യങ്ങള്‍ കിട്ടിയിട്ടുണ്ട്.

    ഏറെ പ്രയാസപ്പെട്ട് സ്ഥലം വാങ്ങിയ കുടുംബം അഡ്വാന്‍സ് തുക നല്‍കുകയും ചെയ്തിട്ടുണ്ട്. വില്ലേജില്‍ നിന്നും മറ്റും രേഖകളെല്ലാം ശരിയാക്കി പഞ്ചായത്തില്‍ എത്തിയപ്പോഴാണ് ലിസ്റ്റില്‍ നിന്ന് പുറത്തായ വിവരം അറിയുന്നത്. ഇതോടെ കടുത്ത ദുരിതത്തിലും നിരാശയിലുമാണ് സുലൈഖയും കുടുംബവും. വള്ളിപ്പൂളയില്‍ പുല്ലങ്കോട് എസ്‌റ്റേറ്റിനോട് ചേര്‍ന്ന സ്വകാര്യ തോട്ടത്തിലെ കളപ്പുരയിലാണ് ഇപ്പോള്‍ കുടുംബം താമസിക്കുന്നത്. ഭൂരഹിത ഭവന രഹിതര്‍ക്ക് ഫ്‌ളാറ്റ് സമുച്ഛയം നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്താനും ചോക്കാട് പഞ്ചായത്തിനു സാധിച്ചിട്ടില്ല. കരുണയില്ലാത്ത അധികൃതരുടെ നിലപാടില്‍ കടുത്ത പ്രയാസത്തിലാണ് ഇവര്‍. അതേസമയം, പദ്ധതിക്കു വേണ്ടി ഈ ലോക്ക്ഡൗണ്‍ കാലത്ത് 10 ദിവസം മാത്രമാണ് സമയം ലഭിച്ചത്. ഇതിനുള്ളില്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതാണ് പ്രശ്‌നമായതെന്ന് വാര്‍ഡ് മെംബര്‍ സി എം ഹമീദലി അറിയിച്ചു. 

Poor family was excluded from the landless Kerala project

Tags:    

Similar News