റെയില്‍വേ വികസനം: മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണം- ഇ ടി മുഹമ്മദ് ബഷീര്‍ എംപി
മലപ്പുറം: ജില്ലയിലെ റെയില്‍വേ വികസനം, ട്രെയിനുകളുടെ സ്‌റ്റോപ്പ് തുടങ്ങിയ കാര്യങ്ങളില്‍ ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ അനുവദിച്ചിട്ടുള്ള വികസന പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി ആവശ്യപ്പെട്ടു. സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചുകൂട്ടിയ പാലക്കാട് ഡിവിഷന് കീഴിലെ എംപി മാരുടെ യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.
മണ്ഡലത്തിലെ വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ സംബന്ധിച്ച് റെയില്‍വേ നല്‍കുന്ന മറുപടികളില്‍ പിന്നീട് നടപടികള്‍ സ്വീകരിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നുണ്ടെന്നും അനുമതി ലഭിച്ച പല പദ്ധതികളും ആരംഭിക്കുന്നത് സബന്ധിച്ച് വര്‍ഷങ്ങളായി ഒരേ രൂപത്തിലുള്ള മറുപടിയാണ് റെയില്‍ വേയുടെ ഭാഗത്ത് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഇ. ടി പറഞ്ഞു. കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷന്‍ കെട്ടിടം നിര്‍മാണം, കുറ്റിപ്പുറം, തിരൂര്‍ സ്‌റ്റേഷനുകളിലെ ലിഫ്റ്റ് സൗകര്യം, പള്ളിപ്പുറം റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോം ഉയര്‍ത്തല്‍, വിവിധ സ്‌റ്റേഷനുകളിലെ പ്ലാറ്റ് ഫോം നവീകരണം, പ്ലാറ്റ് ഫോം ഷെല്‍ട്ടര്‍ നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ ഉദാഹരണമായി എംപി യോഗത്തില്‍ ചൂണ്ടിക്കാട്ടി.
കൂടാതെ താനൂര്‍, പരപ്പനങ്ങാടി, തിരൂര്‍, തിരുനാവായ, കുറ്റിപ്പുറം, പള്ളിപ്പുറം റെയില്‍വേ സ്‌റ്റേഷനുകളില്‍ വിവിധ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്നും സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ പ്രധാന റെയില്‍വേ സ്‌റ്റേഷന്‍ ആയ തിരൂരില്‍ സ്‌റ്റോപ്പ് ഇല്ലാത്ത പല ദീര്‍ഘദൂര ട്രെയിനുകള്‍ക്കും തിരൂരിനേക്കാള്‍ വരുമാനം കുറഞ്ഞ കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചതും, കൊവിഡിന് ശേഷം പല പാസഞ്ചര്‍ ട്രെയിനുകളും സര്‍വീസ് പുനരാരംഭിക്കാത്ത കാര്യവും എംപി യോഗത്തില്‍ ചൂണ്ടിക്കാട്ടി.
കെ റെയില്‍ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക എംപി യോഗത്തില്‍ അറിയിച്ചു. കൃത്യമായ പഠനം നടത്താതെയുള്ള ഈ പദ്ധതി കേരളത്തിന് വന്‍ തോതിലുള്ള സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും എംപി യോഗത്തില്‍ പറഞ്ഞു. എംപി ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവമായി കാണുന്നുവെന്നും വിവിധ റെയില്‍ വേ സ്‌റ്റേഷനുകളില്‍ അനുമതി ലഭിച്ചിട്ടുള്ള പ്രവൃത്തികള്‍ വേഗത്തില്‍ ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും അഡീഷനല്‍ റെയില്‍വേ മാനേജര്‍ ബി ജി മല്യ മറുപടിയായി പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ എംപി മാര്‍, റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.