പട്ടാണി തരിശ് കോളനി നിവാസികളെ മാറ്റി പാര്‍പ്പിച്ചു
മലയിടിച്ചില്‍ ഭീഷണി നേരിടുന്ന സ്രാമ്പിക്കല്ല് കരിങ്കുറക്ക് മുകളില്‍ താമസിക്കുന്ന അഞ്ചു കുടുംബങ്ങളെ ബുധനാഴ്ച സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
കാളികാവ്: കനത്ത മഴയും കാറ്റും തുടരുന്ന മലയോര മേഖലയില്‍ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം. പോലിസ്, പഞ്ചായത്ത് ,റവന്യൂ, ട്രോമാകെയര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി പട്ടാണി തരിശ് കോളനിയിലെ ഏഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി. അടക്കാക്കുണ്ട് പാറശ്ശേരി ഗവ: എല്‍പി സ്‌കൂളിലേക്കാണ് കുടുംബങ്ങളെ മാറ്റിയത്.
വ്യാഴാഴ്ച രാത്രി കാളികാവ് ബസാര്‍ യുപി സ്‌കൂളിലേക്ക് തല്‍ക്കാലം മാറ്റിയ കൂടുംബങ്ങളെ വെള്ളിയാഴ്ച രാവിലെയാണ് പാറശ്ശേരിയിലേക്ക് മാറ്റിയത്. പത്താം തിയ്യതി വരെ കുടുംബങ്ങളെ ഇവിടെ താമസിപ്പിക്കും. പട്ടാണി തരിശ് ഭാഗത്ത് മലയിടിച്ചിലിനുള്ള സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മലയിടിച്ചില്‍ ഭീഷണി നേരിടുന്ന സ്രാമ്പിക്കല്ല് കരിങ്കുറക്ക് മുകളില്‍ താമസിക്കുന്ന അഞ്ചു കുടുംബങ്ങളെ ബുധനാഴ്ച സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. മേഖലയിലെ സാഹചര്യങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് വിപിഎ നാസറിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ സമിതിയുടെ അടിയന്തിര യോഗം പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്തു. കാളികാവ് സിഐ പി ജ്യോതീന്ദ്രകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് വിപിഎ നാസര്‍, വില്ലേജ് ഓഫീസര്‍ കെ ശഫീഖ്, ഹാഫിസ് മുഹമ്മദ് എന്നിവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.