സോളിഡാരിറ്റി പരിപാടി; ഹമാസ് നേതാവിന്റെ പ്രസംഗത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലിസ്

Update: 2023-10-30 13:54 GMT

മലപ്പുറം: മലപ്പുറത്ത് സോളിഡാരിറ്റിയുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഹമാസ് നേതാവ് ഖാലിദ് മിഷ്അല്‍ ഓണ്‍ലൈന്‍ വഴി പ്രസംഗിച്ച സംഭവത്തില്‍ കേസ് എടുക്കാന്‍ വകുപ്പില്ലെന്ന് പോലിസ് . അറബി പ്രസംഗം പരിഭാഷകരുടെ സഹായത്തോടെ പല തവണ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസ് ഭീകര സംഘടനയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും യുഎപിഎ ഷെഡ്യൂള്‍ 1ലെ 42 ഭീകര സംഘടനകളില്‍ ഹമാസ് ഇല്ലെന്നും പോലിസ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല, ഖാലിദ് മിഷ്അലിന്റെ പ്രസംഗത്തില്‍ രാജ്യദ്രോഹ പരാമര്‍ശം ഇല്ലെന്നും പോലിസ് വ്യക്തമാക്കി. ഹമാസ് നേതാവിന്റെ പ്രസംഗത്തില്‍ രാജ്യദ്രോഹ പരാമര്‍ശമുണ്ടെന്നും ജിഹാദിന് ആഹ്വാനം ചെയ്തു എന്നുമായിരുന്നു സംഘ്പരിവാര്‍ ഭാഷ്യം. എന്നാല്‍ ഫലസ്തീനിലെ നിലവിലെ സാഹചര്യം മാത്രമാണ് മിഷ്അലിന്റെ പ്രസംഗത്തിലുള്ളതെന്നും ഐപിസി 153 പ്രകാരം പ്രസംഗത്തില്‍ രാജ്യദ്രോഹ പരാമര്‍ശം ഇല്ലെന്നും പോലിസിന് നിയമോപദേശം ലഭിച്ചു.

ഒക്ടോബര്‍ 27ന് സയണിസ്റ്റ്- ഹിന്ദുത്വ വംശീയതയ്ക്കെതിരെ അണിചേരുക എന്ന മുദ്രാവാക്യമുയര്‍ത്തി സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവജന പ്രതിരോധത്തിലായിരുന്നു ഹമാസ് നേതാവ് ഓണ്‍ലൈനായി പ്രസംഗിച്ചത്. കളമശ്ശേരി ബോംബ് സ്‌ഫോടനത്തെ ഈ പരിപാടിയും പ്രസംഗവുമായും ബന്ധപ്പെടുത്തി വ്യാപക വിദ്വേഷ പ്രചാരണമാണ് സംഘ്പരിവാര്‍ നേതാക്കളടക്കം നടത്തിയത്.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറായിരുന്നു പ്രചാരണത്തില്‍ മുന്നില്‍. കേരളത്തില്‍ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങളിലൂടെ നിരപരാധികളായ ക്രിസ്ത്യാനികള്‍ക്കു നേരെ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടക്കുമ്പോള്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ഇസ്രായേലിനെതിരേ പ്രതിഷേധിക്കുകയാണെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം. ഇതിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു.




Tags:    

Similar News