മാലിന്യനീക്കം നിര്‍ത്തിവച്ചു; പ്രതിഷേധവുമായി കോളനി നിവാസികള്‍
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അഞ്ഞൂറോളം ചാക്കുകളിലാക്കി വയലില്‍തന്നെ വച്ചിരിക്കുകയാണ്. മാലിന്യങ്ങള്‍ ഇളക്കിയെടുത്തപ്പോള്‍ രൂക്ഷഗന്ധവും തെരുവുനായ്ക്കളുടെ ശല്യവുമേറെയാണ്.
പരപ്പനങ്ങാടി: നഗരസഭയിലെ 15ാം ഡിവിഷന്‍ മുങ്ങാത്തംതറ പട്ടികജാതി കോളനിയോട് ചേര്‍ന്ന് അടിഞ്ഞുകൂടിയ വലിയതോതിലുള്ള അജൈവ മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന പ്രവൃത്തി നഗരസഭ ശുചീകരണ തൊഴിലാളികള്‍ നിര്‍ത്തിവച്ചത് കോളനി നിവാസികള്‍ക്കിടയില്‍ വലിയതോതിലുള്ള പ്രതിഷേധത്തിനും ഭീതിക്കും ഇടയാക്കിയിരിക്കുകയാണ്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള മധുരംകാട് പാടശേഖരത്തില്‍ കഴിഞ്ഞ പ്രളയത്തില്‍ ഒഴുകിവന്ന് അടിഞ്ഞുകൂടിയതാണ് വലിയതോതിലുള്ള അജൈവ മാലിന്യങ്ങള്‍.
പ്രദേശവാസികള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയതുപ്രകാരം പ്രസ്തുത സ്ഥലം സന്ദര്‍ശിച്ച് കഴിഞ്ഞ ശനിയാഴ്ച മുതല്‍ നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചാക്കില്‍ നിറയ്ക്കുന്ന പ്രവൃത്തി അഞ്ചുദിവസമായി നടന്നുവന്നിരുന്നു. കഴിഞ്ഞദിവസം നഗരസഭ ഉദ്യോഗസ്ഥരെത്തി പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ തൊഴിലാളികളോട് ആവശ്യപ്പെടുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അഞ്ഞൂറോളം ചാക്കുകളിലാക്കി വയലില്‍തന്നെ വച്ചിരിക്കുകയാണ്. മാലിന്യങ്ങള്‍ ഇളക്കിയെടുത്തപ്പോള്‍ രൂക്ഷഗന്ധവും തെരുവുനായ്ക്കളുടെ ശല്യവുമേറെയാണ്.
മാലിന്യങ്ങള്‍ മഴയ്ക്ക് മുമ്പ് മാറ്റിയില്ലെങ്കില്‍ പ്രദേശത്ത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന ഭീതിയിലാണ് കോളനി നിവാസികള്‍. നിയമത്തിന്റെ നൂലാമാലകള്‍ ഒഴിവാക്കി ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന ഈ മാലിന്യങ്ങള്‍ നീക്കംചെയ്യാനുള്ള അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവിഷന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ നഗരസഭാ സെക്രട്ടറിയ്ക്ക് നിവേദനം നല്‍കി. തുടര്‍നടപടിയില്ലാത്ത പക്ഷം കൊറോണയുടെ പശ്ചാത്തലത്തില്‍ അനുവദനീയമായ സമരപരിപാടികള്‍ക്ക് തുടക്കംകുറിക്കുമെന്ന് കോളനി നിവാസികള്‍ പറഞ്ഞു.