മലബാര്‍ സമരപോരാളികളെ തമസ്‌ക്കരിക്കുന്നവര്‍ രാജ്യത്തിന്റെ ഒറ്റുകാര്‍: എസ്ഡിപിഐ
രാജ്യദ്രോഹികളായ ഭരണകൂടം ചരിത്രത്തില്‍ നിന്ന് നീക്കം ചെയ്യുന്നത് കൊണ്ട് ഇന്ത്യന്‍ സ്വതന്ത്രസമര ചരിത്രത്തെ മാറ്റിമറിക്കാന്‍ ആവില്ലെന്നും രക്തസാക്ഷിസ്മരണ തുടച്ചുനീക്കാനാവില്ല
മലപ്പുറം: പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച മലബാര്‍ സമരപോരാളികളെ തമസ്‌ക്കരിക്കുന്നവര്‍ രാജ്യത്തിന്റെ ഒറ്റുകാരാണെന്നും ഇവര്‍ക്കെതിരേ സ്വാതന്ത്രത്തിന്റെ കാവലാളാവാന്‍ പൊതുസമൂഹം മുന്നോട്ട് വരണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് ആവശ്യപ്പെട്ടു.
മലബാര്‍ സമരത്തില്‍ രക്തസാക്ഷികളായ 387 പോരാളികളുടെ പേര് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിന്റെ (ICHR) രക്തസാക്ഷി ഡയറക്ടറിയില്‍ നിന്നും നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരേ മലപ്പുറം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യദ്രോഹികളായ ഭരണകൂടം ചരിത്രത്തില്‍ നിന്ന് നീക്കം ചെയ്യുന്നത് കൊണ്ട് ഇന്ത്യന്‍ സ്വതന്ത്രസമര ചരിത്രത്തെ മാറ്റിമറിക്കാന്‍ ആവില്ലെന്നും രക്തസാക്ഷിസ്മരണ തുടച്ചുനീക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, ജില്ലാ സെക്രട്ടറിമാരായ പി ഹംസ, മുസ്തഫ പാമങ്ങാടന്‍, മലപ്പുറം മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ മജീദ്, സെക്രട്ടറി നസറുദ്ധീന്‍ ബാവ എന്നിവര്‍ സംസാരിച്ചു.