അട്ടപ്പാടിയില്‍ കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് 72 മെഗാവാട്ട് ശേഷിയുള്ള പദ്ധതി വരുന്നു

Update: 2022-01-22 12:38 GMT

പാലക്കാട്: അട്ടപ്പാടിയിലെ അഗളിയില്‍ കാറ്റില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള 72 മെഗാവാട്ട് ശേഷിയുള്ള പദ്ധതി നടപ്പാക്കുന്നു. പദ്ധതി പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ജനുവരി 27 ന് വിളിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. കൂടാതെ നാല് മാസത്തിനുള്ളില്‍ പദ്ധതി പ്രദേശത്തിന്റെ സര്‍വേ പൂര്‍ത്തിയാക്കാനും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ കലക്ടറേറ്റില്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി.

പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട ഭൂമി ആദിവാസി മേഖലയില്‍ ഉള്‍പ്പെട്ടതായതിനാല്‍, പദ്ധതി കാലാവധിയായ 25 വര്‍ഷത്തേക്ക് NHPCയ്ക്ക് Right to Use അടിസ്ഥാനത്തിലാണ് പ്രസ്തുത ഭൂമി ലഭ്യമാക്കുന്നത്. പദ്ധതിയ്ക്കായി സ്ഥലം വിട്ടുകൊടുക്കുന്ന ആദിവാസികള്‍ ഉള്‍പ്പടെയുള്ള ഭൂവുടമകള്‍ക്ക് ഒരു നിശ്ചിതശതമാനം വരുമാനം ഉറപ്പുവരുത്തുന്നരീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

72 മെഗാവാട്ട് ഗ്രിഡിലേക്ക് കടത്തിവിടാന്‍ ആവശ്യമായ 220 കെവി സബ് സ്‌റ്റേഷന്റെയും 220 കെ വി ലൈനിന്റെയും പ്രവര്‍ത്തി ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യാനും കേന്ദ്രസര്‍ക്കാരിന്റെ Green Corridor ഫണ്ടിങ് നേടിയെടുക്കാനും ലക്ഷ്യമിടുന്നു. യോഗത്തില്‍ കെഎസ്ഇബിഎല്‍ ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ ഡോ.ബി അശോക് ഐഎഎസ്, പാലക്കാട് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഐഎഎസ്, പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ NHPCയിലെ ഉന്നത ഉദ്യോഗസ്ഥര്‍, കെഎസ്ഇബിഎല്ലിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News