ആളിയാര്‍ ഡാം വീണ്ടും തുറന്നു; തീരത്ത് ജാഗ്രതാ നിര്‍ദേശം

Update: 2021-11-23 11:47 GMT

പാലക്കാട്: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ ആളിയാര്‍ ഡാം തുറന്നു. അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ 12 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. 1,043 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ ഡാമില്‍നിന്ന് പുറത്തേക്ക് ഒഴുകുന്നതെന്ന് പറമ്പിക്കുളം ആളിയാര്‍ സബ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഇതെത്തുടര്‍ന്ന് പാലക്കാട് ജില്ലയിലെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആളിയാര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് 1049.05 അടിയാണ്. പരമാവധി ജലനിരപ്പ് 1,050 അടിയാണ്. ജലം ഏതാനും മണിക്കൂറുകള്‍ക്കകം പുഴകളിലെത്തുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തമിഴ്‌നാട് തുറന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. പുഴയില്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നതാണ് ആശങ്കയുണ്ടാക്കിയത്. ഇതെത്തുടര്‍ന്ന് പാലക്കാട് ജില്ലയിലെ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തിരുന്നു.

Tags:    

Similar News